തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാന്‍ സിറ്റിങ് നടത്തി


പന്തലായനി: തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിന് നടത്തിവരുന്ന ബ്ലോക്ക് തല സിറ്റിങ്ങുകളുടെ ഭാഗമായി പന്തലായനി ബ്ലോക്കില്‍ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാന്‍ വി പി സുകുമാരന്‍ സിറ്റിങ് നടത്തി. വിവിധ ബ്ലോക്ക് പഞ്ചായത്തുകള്‍ക്കു കീഴിലുള്ള ഗ്രാമ പഞ്ചായത്തുകളിലെ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ തൊഴിലാളികളില്‍നിന്നും പൊതുജനങ്ങളില്‍നിന്നും സ്വീകരിക്കുകയും തുടരന്വേഷണം നടത്തി നടപടി സ്വീകരിക്കുകയുമാണ് ഓംബുഡ്സ്മാന്റെ ചുമതല.

സിറ്റിങ്ങിനു ശേഷം തൊഴിലുറപ്പു പദ്ധതി ഉദ്യോഗസ്ഥരുടെ യോഗം ഓംബുഡ്സ്മാന്‍ വിളിച്ചു ചേര്‍ക്കുകയും പദ്ധതി പുരോഗതി, തടസ്സങ്ങള്‍ തുടങ്ങിയ വിലയിരുത്തുകയും ചെയ്യും. പന്തലായനി ബ്ലോക്കില്‍ നടന്ന സിറ്റിങ്ങില്‍ ഒരു പരാതി മാത്രമാണ് ലഭിച്ചത്. വടകര ബ്ലോക്കില്‍ ജനുവരി ആറിന് നടന്ന ജില്ലയിലെ ആദ്യത്തെ സിറ്റിങ്ങില്‍ നാലു പരാതികള്‍ ലഭിച്ചിരുന്നു. ഓംബുഡ്സ്മാന്റെ അടുത്ത സിറ്റിങ് കൊടുവള്ളി ബ്ലോക്കില്‍ ജനുവരി 19 ന് നടക്കും.


