താമരശ്ശേരി മേഖലയില്‍ ബസ്സുകള്‍ കേന്ദ്രീകരിച്ചുള്ള കവര്‍ച്ച വര്‍ധിക്കുന്നു


താമരശ്ശേരി: മേഖലയില്‍ ബസ്സുകള്‍ കേന്ദ്രീകരിച്ചുള്ള കവര്‍ച്ച വര്‍ധിക്കുന്നു. തിരക്കുള്ള ബസ്സുകളില്‍ യാത്രചെയ്യുന്ന സ്ത്രീകളുടെയും കുട്ടികളുടേയും സ്വര്‍ണ്ണവും പേഴ്‌സുമാണ് അപഹരിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ട് താമരശ്ശേരി ബസ്സ് ബേയില്‍ നിന്നും ചുങ്കം ചെക്ക് പോസ്റ്റ് വരെ യാത്ര ചെയത സ്ത്രീയുടെ ബാഗില്‍ നിന്നും ഒന്നേകാല്‍ പവനില്‍ അധികം തൂക്കം വരുന്ന ചെയിന്‍ കവര്‍ന്നു. പേരക്കുട്ടിയുടെ ചെയിന്‍ താമരശ്ശേരിയിലെ കടയില്‍ നിന്നും അറ്റകുറ്റ പണി നടത്തി തിരികെ വാങ്ങി പേഴ്‌സില്‍ ഇട്ട് ബാഗില്‍ വെച്ചതായിരുന്നു.

ബസ്സിറങ്ങി നോക്കുമ്പോഴാണ് ചെയിന്‍ സൂക്ഷിച്ച പേഴ്‌സ് നഷ്ടപ്പെട്ടതായി മനസ്സിലായത്. സംഭവത്തില്‍ താമരശ്ശേരി പോലീസില്‍ പരാതി നല്‍കി. ഇതേ ബസ്സില്‍ യാത്ര ചെയ്ത മറ്റൊരു സ്ത്രീയുടെ ബാഗില്‍ നിന്നും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടു. താമരശ്ശേരിയില്‍ ജോലിചെയ്യുന്ന നരിക്കുനി കാരുകുളങ്ങര സ്വദേശിനിയുടെ ബേഗില്‍ സൂക്ഷിച്ച പണവും മൊബൈല്‍ ഫോണും അടങ്ങിയ പേഴ്‌സ് ഇന്നലെ അപഹരിക്കപ്പെട്ടു. താമരശ്ശേരിക്കും പൂനൂരിനും ഇടയില്‍ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. പൂനൂരില്‍ എത്തിയപ്പോഴാണ് ബേഗ് തുറന്ന് കിടക്കുന്നതായി കണ്ടത്.

ബസ് ജീവനക്കാരോട് വിവരം അറിയിച്ചെങ്കിലും ബസ്സില്‍ പരിശോധന നടത്താനോ പോലീസനെ അറിയിക്കാനോ തയ്യാറായില്ലെന്ന് പരാതിയുണ്ട്. പതിനായിരം രൂപയും മൊബൈല്‍ ഫോണുമാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ മാസം താമരശ്ശേരിയില്‍ നിന്ന് കെ എസ് ആര്‍ ടി സി ബസ്സില്‍ വയനാട്ടിലേക്ക് പോയ കൂരാച്ചുണ്ട് സ്വദേശിനിയുടെ കുഞ്ഞിന്റെ ഒന്നര പവനോളം വരുന്ന സ്വര്‍ണ്ണാഭരണം കവര്‍ന്നിരുന്നു. ഈങ്ങാപ്പുഴ എത്തുമ്പോഴേക്കും മോഷണം നടന്നിരുന്നു.
കുഞ്ഞിന്റെ കയ്യില്‍ അടയാളങ്ങളും ഉണ്ടായിരുന്നു. ഇതേ ബസ്സിലെ കണ്ടക്ടറുടെ പേഴ്‌സും ഇതേ ദിവസം മോഷ്ടിക്കപ്പെട്ടിരുന്നു. അന്ന് പോലീസ് എത്തി വിവരങ്ങള്‍ ശേഖരിച്ചെങ്കിലും പിന്നീട് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ബസ്സില്‍ നിന്ന് പേഴ്‌സും പണവും നഷ്ടപ്പെടുന്നത് നിത്യ സംഭവമാണ്. ചെറിയ സംഖ്യ നഷ്ടപ്പെടുന്നവര്‍ വിവരം പുറത്തറിയിക്കാറില്ല. തിരക്കുള്ള ബസ്സുകളിലാണ് കവര്‍ച്ച നടക്കുന്നത്. സ്ത്രീകള്‍ തന്നെയാണ് കവര്‍ച്ചക്ക് പിന്നിലെന്നാണ് സംശയം. ഇവര്‍ക്കൊപ്പം പുരുഷന്‍മാരും ഉണ്ടാവാമെന്നും സംശയിക്കുന്നു. കവര്‍ച്ച പതിവായ സാഹചര്യത്തില്‍ പോലീസ് നിരീക്ഷണം ശക്തമാക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

