നടന്‍ സിദ്ധാര്‍ത്ഥിനെതിരെ കേസെടുത്ത് ഹൈദരാബാദ് പോലീസ്

ഹൈദരാബാദ്: ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേതാവ് സൈന നേവാളിനെതിരെ ട്വിറ്ററില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് നടന്‍ സിദ്ധാര്‍ത്ഥിനെതിരെ ഹൈദരാബാദ് പോലീസ് കേസെടുത്തു. ഹൈദരാബാദ് സ്വദേശി സിദ്ധാര്‍ഥിനെതിര നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെന്ന് സൈബര്‍ ക്രൈം വിംഗ് ഡിറ്റക്ടീവ് ഡിപ്പാര്‍ട്ട്മെന്റ് അഡീഷണല്‍ ഡി സി പി. കെ വി എം പ്രസാദ് പറഞ്ഞു.

പരാതിയുടെ അടിസ്ഥാനത്തില്‍ ഐ പി സി 509, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് 67 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സിദ്ധാര്‍ത്ഥിന് നോട്ടീസ് നല്‍കുമെന്നും അഡീഷണല്‍ ഡി സി പി കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ചുള്ള സൈനയുടെ ട്വീറ്റിന് മറുപടി പറയുന്നതിനിടയിലാണ് സിദ്ധാര്‍ഥ് മോശം വാക്ക് ഉപയോഗിച്ചത്. ‘സ്വന്തം രാജ്യത്തെ പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വിട്ടുവീഴ്ച്ച ചെയ്താല്‍, ആ രാജ്യത്തിന് സ്വയം സുരക്ഷിതമാണെന്ന് പറയാനാകില്ല. ഏറ്റവും ശക്തമായ വാക്കുപയോഗിച്ച് ഞാന്‍ ഇക്കാര്യത്തില്‍ അപലപിക്കുന്നു. അരാജകവാദികള്‍ പ്രധാനമന്ത്രിക്കെതിരേ നടത്തിയ ഭീരുത്വം നിറഞ്ഞ ആക്രമണമാണിത്.’ ഇതായിരുന്നു സൈനയുടെ ട്വീറ്റ്.
വിവാദത്തിലായതിന് പിന്നാലെ സിദ്ധാര്‍ഥ് ക്ഷമാപണവുമായി രംഗത്തെത്തിയിരുന്നു. തമാശരൂപേണയുള്ള മറുപടിയാണ് ഉദ്ദേശിച്ചതെങ്കിലും അത് പ്രതീക്ഷിച്ചതുപോലെയല്ല സ്വീകരിക്കപ്പെട്ടതെന്ന് സിദ്ധാര്‍ഥ് വിശദീകരിച്ചു. സൈനയ്ക്കെതിരേ ഉപയോഗിച്ച വാക്ക് സ്ത്രീ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് വനിതാ കമ്മീഷനും താരത്തിന് നോട്ടീസ് അയച്ചിരുന്നു.
