‘ക്യാമ്പസസ് ഓഫ് കോഴിക്കോട്’ പദ്ധതിയ്ക്ക് തുടക്കം

കോഴിക്കോട്: കോളേജ് വിദ്യാര്‍ത്ഥികളെ പങ്കാളികളാക്കി ജില്ലാ ഭരണകൂടം ആവിഷ്‌ക്കരിക്കുന്ന സാമൂഹിക സേവന പദ്ധതിയായ ‘ക്യാമ്പസസ് ഓഫ് കോഴിക്കോടി’ന് തുടക്കം. പദ്ധതി വിശദീകരണത്തിനും ചര്‍ച്ചകള്‍ക്കുമായി ജില്ലയിലെ കോളേജ് പ്രിന്‍സിപ്പല്‍മാരുടെ യോഗം ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി കലക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്തു.

ജില്ലാ ഭരണകൂടത്തിന്റെയും കോളേജുകളുടെയും നേതൃത്വത്തില്‍ കലക്ടറേറ്റിലെ ഇന്റേണ്‍ഷിപ്പ് വിദ്യാര്‍ത്ഥികളുടെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുക. ‘നല്ല നാളേക്കായ്’ എന്ന പേരില്‍ ലഹരി വിരുദ്ധ പ്രചാരണ പരിപാടികള്‍, മാലിന്യ നിര്‍മാര്‍ജ്ജനം, ജല സാക്ഷരത, ഊര്‍ജ്ജ സംരക്ഷണം, മാനസികാരോഗ്യം, ഇ-സാക്ഷരത പ്വര്‍ത്തനങ്ങള്‍, ഭിന്നശേഷിക്കാര്‍, വിധവകള്‍, സ്ത്രീകള്‍ എന്നിവര്‍ക്കുള്ള പ്രത്യേക പരിപാടികള്‍ തുടങ്ങിയവയാണ് ഈ അക്കാദമിക വര്‍ഷം നടപ്പിലാക്കാന്‍ ലക്ഷ്യമിടുന്നത്. മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കുന്ന കോളേജുകള്‍ക്ക് അവാര്‍ഡ് സമ്മാനിക്കും.

