മൂന്നരവയസ്സുകാരന്റെ ദുരൂഹമരണത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്തു

മലപ്പുറം: തിരൂരിലെ മൂന്നരവയസ്സുകാരന്റെ ദുരൂഹമരണത്തില്‍ അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു. കുട്ടിയുടെ തലയില്‍ അടിയേറ്റതിന്റെ പാടും ശരീരത്തില്‍ പൊളളലേല്‍പ്പിച്ചതിന്റെ പാടും പോലീസ് കണ്ടെത്തി. കസ്റ്റഡിയിലുളള അമ്മ മുംതാസ് ബീവിയെ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്. കുട്ടി മരിച്ചെന്ന് ഉറപ്പായശേഷം സ്ഥലം വിട്ട രണ്ടാനച്ഛനായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. ഇയാള്‍ ട്രെയ്നില്‍ കയറി മുങ്ങിയതായാണ് പൊലീസ് നിഗമനം.

READ ALSO: അക്വേറിയം മറിഞ്ഞുവീണ് അഞ്ചുവയസ്സുകാരന്‍ മരിച്ചു

ഇന്നലെ വൈകീട്ട് ആറര മണിയോടെയാണ് സംഭവം. തലയില്‍ പരുക്ക് പറ്റിയെന്ന് പറഞ്ഞാണ് ഷെയ്ഖ് സിറാജ് എന്ന കുഞ്ഞിനെയും കൊണ്ട് രണ്ടാനച്ഛന്‍ തിരൂരിലെ സ്വകാര്യം ആശുപത്രിയില്‍ എത്തുന്നത്. എന്നാല്‍ കുഞ്ഞ് അപ്പോഴേക്കും മരിച്ചിരുന്നു. കുഞ്ഞ് മരിച്ചുവെന്ന് ഉറപ്പ് വരുത്തിയതിന് പിന്നാലെ രണ്ടാനച്ഛന്‍ അവിടെ നിന്നും കടന്നുകളഞ്ഞു. ഇതിന് പിന്നാലെയാണ് ദുരൂഹത സംശയിക്കുന്നത്. കുഞ്ഞ് കുളിമുറിയില്‍ വീണ് പരുക്കുപറ്റിയതാണെന്നാണ് അമ്മയുടെ മൊഴി. എന്നാല്‍ കുഞ്ഞിന്റെ തലയ്ക്ക് പിന്നില്‍ ശക്തമായ അടിയേറ്റതിന്റെ പാടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഒപ്പം പൊള്ളലേറ്റ പാടുകളുമുണ്ട്. കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചതിന്റെ സിസിടിവി ദൃശ്യങ്ങല്‍ പരിശോധിച്ച് രണ്ടാനച്ഛനെ പിടികൂടാനാണ് പൊലീസ് നീക്കം.
