Naattuvaartha

News Portal Breaking News kerala, kozhikkode,

ഇന്‍ഷുറന്‍സ് തുകയ്ക്ക് വേണ്ടി ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ഡോക്ടര്‍ അറസ്റ്റില്‍

വാഷിംഗ്ടണ്‍:  ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ വേണ്ടി ഭാര്യയെ വെടിവെച്ച് കൊന്ന 67 കാരന്‍ അറസ്റ്റിലായി. അമേരിക്കയിലെ പ്രശസ്തമായ ത്രീ റിവേഴ്സ് ഡെന്റല്‍ ഗ്രൂപ്പ് ഉടമയും ഡെന്റല്‍ സര്‍ജനുമായ പെന്‍സില്‍വാനിയ സ്വദേശി ഡോ. ലോറന്‍സ് റുഡോള്‍ഫ് ആണ് അറസ്റ്റിലായത്. ഭാര്യയെ കൊന്ന ശേഷം അവരുടെ പേരില്‍ വിവിധ കമ്പനികളില്‍ ഉണ്ടായിരുന്ന അഞ്ച് മില്യണ്‍ ഡോളര്‍(36.9 കോടി) ഇയാള്‍ കൈക്കലാക്കിയതായി പോലീസ് കണ്ടെത്തി. 2016 ഒക്ടോബര്‍ 11-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യ ബിയാന്‍കയ്ക്കൊപ്പം സാംബിയയിലെ വനപ്രദേശത്ത് വേട്ടയ്ക്ക് പോയതായിരുന്നു റുഡോള്‍ഫ്. അവിടെ വെച്ചാണ് ഭാര്യ വെടിയേറ്റ് മരിച്ചതായി ഇയാള്‍ സാംബിയന്‍ പോലീസിനെ അറിയിച്ചത്. വേട്ട നടത്താനുപയോഗിച്ച തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റാണ് ഭാര്യ മരിച്ചതെന്നാണ് ഇയാള്‍ സാംബിയന്‍ പോലീസിനോട് പറഞ്ഞിരുന്നത്. സാഹചര്യ തെളിവുകള്‍ അനുകൂലമായിരുന്നതിനാല്‍ പോലീസ് അയാള്‍ക്ക് അനുകൂലമായ റിപ്പോര്‍ട്ട് നല്‍കി. യു എസ് എംബസിയെ വിവരമറിയിച്ച ഇയാള്‍ അവരുടെ സമ്മതത്തോടെ മൂന്ന് ദിവസത്തിന് ശേഷം സാംബിയയില്‍ തന്നെ ഭാര്യയെ അടക്കി. എംബസിയില്‍ നിന്നുള്ള രേഖകളുടെയും പോലീസ് റിപ്പോര്‍ട്ടുകളുടെയും പിന്‍ബലത്തോടെ പിന്നീട് നാട്ടില്‍വന്ന് ഇയാള്‍ ഭാര്യയുടെ പേരിലുള്ള ഇന്‍ഷുറന്‍സ് തുക കൈക്കലാക്കി.

കാര്യങ്ങളെല്ലാം നന്നായി നടക്കുന്നതിനിടെയാണ് ഇയാള്‍ക്കെതിരെ എഫ് ബി ഐ അന്വേഷണം ആരംഭിച്ചത്. ബിയാന്‍കയുടെ സുഹൃത്താണ് എഫ് ബി ഐയെ സമീപിച്ച് മരണത്തിലുള്ള സംശയങ്ങള്‍ ചൂണ്ടിക്കാട്ടിയത്. ബിയാന്‍ക മികച്ച വേട്ടക്കാരിയാണെന്നും ഡോ. റുഡോള്‍ഫിന് എല്ലാ കാലത്തും അവിഹിത ബന്ധങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഭാര്യയുടെ മരണത്തിന് പിന്നാലെ ഇയാള്‍ കാമുകിക്കൊപ്പം താമസം ആരംഭിച്ചതായും സുഹൃത്ത് മൊഴി നല്‍കിയിരുന്നു. ബിയാന്‍കയുടെ മരണത്തിന് തൊട്ടുമുമ്പായി ലക്ഷക്കണക്കിന് ഡോളറുകളുടെ ഇന്‍ഷുറന്‍സ് പോളിസികള്‍ ഇയാള്‍ എടുത്തിരുന്നതായും അവര്‍ വിവരം നല്‍കി. തുടര്‍ന്ന് നടത്തിയ എഫ് ബി ഐ അന്വേഷണത്തില്‍, ഇയാളുടെ അവിഹിത ബന്ധങ്ങള്‍ തെളിയുകയും കാമുകിക്കൊപ്പമാണ് ഇയാള്‍ താമസിക്കുന്നതെന്നും പോലീസ് കണ്ടെത്തി. ഭാര്യയുടെ മരണത്തിന് തൊട്ടുമുമ്പായാണ് ഇയാള്‍ വന്‍തുകയ്ക്കുള്ള ഇന്‍ഷുറന്‍സ് പോളിസികള്‍ എടുത്തിരുന്നതെന്നും പോലീസ് കണ്ടെത്തി. ഇതോടെ പോലീസ് ഇയാള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. എന്നാല്‍, കോടീശ്വരനായ ഇയാള്‍ വന്‍തുക ചെലവഴിച്ച് അഭിഭാഷകരുടെ സംഘത്തെ നിയോഗിച്ച് കേസ് അനുകൂലമാക്കാന്‍ ശ്രമിച്ചുവെങ്കിലും കോടതി ഇയാള്‍ക്കെതിരെ നടപടി എടുക്കാന്‍ ഉത്തരവിടുകയായിരുന്നു. തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!