Naattuvaartha

News Portal Breaking News kerala, kozhikkode,

ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ കേസില്‍ വിധി നാളെ

കോട്ടയം: ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി നാളെ വിധി പറയും. ബലാല്‍സംഗം ഉള്‍പ്പെടെ ഏഴ് വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിട്ടുള്ളത്.

മിഷനറീസ് ഓഫ് ജീസസിന്റെ കുറവിലങ്ങാട്ടെ മഠത്തില്‍ 2014 മുതല്‍ 2016 വരെ കാലയളവില്‍ ജലന്തര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പല തവണ പീഡിപ്പിച്ചെന്നാണ് കന്യാസ്ത്രീയുടെ പരാതി. 2018 ജൂണ്‍ 29ന് പൊലീസ് കേസെടുത്തു. വൈക്കം ഡിവൈഎസ്പി. കെ സുഭാഷിനായിരുന്നു അന്വേഷണ ചുമതല. എന്നാല്‍ കേസെടുത്തിട്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായില്ല. ഇത് ചോദ്യം ചെയ്ത പരാതിക്കാരുടെ സഹപ്രവര്‍ത്തകരായ കന്യാസ്ത്രീകള്‍ ഹൈക്കോടതി ജംഗ്ഷനില്‍ സമരം ആരംഭിച്ചതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായി.

ഒടുവില്‍ സെപ്റ്റംബര്‍ 21ന് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തു. 25 ദിവസത്തിനുശേഷം ഒക്ടോബര്‍ 15ന് ഹൈക്കോടതി ബിഷപ്പിന് ജാമ്യം അനുവദിച്ചു. പുറത്തിറങ്ങിയ ഫ്രാങ്കോ മുളയ്ക്കല്‍ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അംഗീകരിച്ചില്ല. ഇതോടെ കുരുക്ക് മുറുകി. 2019 ഏപ്രില്‍ നാലിനാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 2020 സെപ്റ്റംബറില്‍ വിചാരണ തുടങ്ങി.

കേസിലെ 84 സാക്ഷികളില്‍ 39 പേരെ വിസ്തരിച്ചു. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, രണ്ട് ബിഷപ്പുമാര്‍, 11 വൈദികര്‍, 25 കന്യാസ്ത്രീകള്‍ എന്നിവര്‍ ഉള്‍പ്പെട്ടതായിരുന്നു സാക്ഷിപ്പട്ടിക. പ്രോസിക്യൂഷന്‍ 122 രേഖകള്‍ കോടതിയില്‍ ഹാജരാക്കി. പ്രതിഭാഗം 6 സാക്ഷികളെ വിസ്തരിച്ചു. കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് അനുമതി ഉണ്ടായിരുന്നില്ല. ഈ മാസം പത്തിനാണ് വിചാരണ പൂര്‍ത്തിയായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!