കലാലയങ്ങളിലെ അക്രമരാഷ്ട്രീയം അവസാനിപ്പിക്കണം; കേരള വിദ്യാര്‍ഥി ജനത

കോഴിക്കോട്: ഇടുക്കി സര്‍ക്കാര്‍ എന്‍ജിനീയറിംങ് കോളജില്‍ വിദ്യാര്‍ത്ഥി കുത്തേറ്റ് മരിച്ച സംഭവം അപലപനീയമാണെന്നും കലാലയങ്ങളിലെ അക്രമരാഷ്ട്രീയം അവസാനിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കേരള വിദ്യാര്‍ത്ഥി ജനത കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുന്നതിന് ക്യമ്പസുകളെ ചോരക്കളമാക്കുന്ന പ്രവണത അവസാനിപ്പിക്കണം. ഒരാള്‍ കൊല്ലപ്പെടുകയും മറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് മാരകമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ സമഗ്രാന്വേഷണം വേണം.

ക്യമ്പസിന് പുറത്ത് നിന്നെത്തിയവരാണ് അക്രമം നടത്തിയെന്ന വാര്‍ത്ത ഗൗരവതരമാണ്. സംഘര്‍ഷം സംസ്ഥാനത്തെ മറ്റ് കാംപസുകളിലേക്കും വ്യാപിക്കാതിരിക്കാന്‍ പോലിസിന്റെ സത്വരവും ക്രിയാല്‍മകവുമായ ഇടപെടലുകളുണ്ടാവണം. ഇടുക്കി സംഭവത്തിന്റെ അക്രമത്തിലും കൊലപാതകത്തിലും മുമ്പിലെത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പരം മല്‍സരിക്കുകയാണെന്നും പ്രതികളെ ഉടന്‍ അറസ്റ്റുചെയ്ത് നിയമത്തിന് മുമ്പില്‍ കൊണ്ടുവരാന്‍ പോലീസ് തയ്യാറാവണമെന്നും ജില്ലാ പ്രസിഡണ്ട് എസ് വി ഹരി ദേവ്, ജില്ലാ സെക്രട്ടറിഅരുണ്‍ നമ്പിയാട്ടില്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

