കെ പി എ സി ലളിത ‘ഓര്‍മ’യില്‍ നിന്നും പടിയിറങ്ങി ഇനിയുള്ള കാലം മകനൊപ്പം

തൃശ്ശൂര്‍: പിന്നിട്ട കാലത്തിന്റെ ഓര്‍മകള്‍ തുടികൊട്ടുന്ന എങ്കക്കാട്ടെ തന്റെ സ്വന്തം വസതിയായ ‘ഓര്‍മ’യില്‍ നിന്നും കെ പി എ സി ലളിത പടിയിറങ്ങി. ഇനിമുതല്‍ എറണാകുളത്തുള്ള സിദ്ധാര്‍ഥിന്റെ ഫ്‌ലാറ്റിലാകും കെ പി എ സി ലളിതയുടെ താമസം. ആരോഗ്യം മോശമായതിനെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കെ പി എ സി ലളിതയെ രണ്ട് മാസം മുമ്പ് തന്റെ ആഗ്രഹപ്രകാരം ഓര്‍മയിലേക്ക് കൊണ്ടുവന്നിരുന്നു.

ഓര്‍മ്മയില്‍ വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ നടിയുടെ ആരോഗ്യം മോശമാവുകയായിരുന്നു. സംസാരിക്കാനും ആരെയും തിരിച്ചറിയാനും കഴിയാത്ത അവസ്ഥയിലായെന്ന് കുടുംബം പറയുന്നു. മകന്‍ സിദ്ധാര്‍ഥും ഭാര്യ സുജിനയും മുംബൈയില്‍ നിന്നെത്തിയ മകള്‍ ശ്രീക്കുട്ടിയും അടുത്ത ബന്ധുക്കളും സന്തതസഹചാരിയായ സാരഥി സുനിലും ഈ ദിവസങ്ങളില്‍ നടിയോടൊപ്പം ഉണ്ടായിരുന്നു. ബുധനാഴ്ച രാത്രി ആംബുലന്‍സില്‍ ‘ഓര്‍മ’യില്‍നിന്ന് പടിയിറങ്ങുമ്പോള്‍ ഒന്നും ഓര്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു മലയാളത്തിന്റെ മഹാനടി. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് കരള്‍ രോഗംമൂലം കെ പി എസി ലളിത ചികിത്സ തേടിയത്. തുടര്‍ന്ന് കരള്‍ മാറ്റിവയ്ക്കേണ്ടതു കാരണം കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കിലും സീരിയലടക്കമുള്ളവയില്‍ അഭിനയിച്ചുവരികയായിരുന്നു കെ പി എ സി ലളിത.

