മൊബൈല്‍ ഫോണ്‍ കാണാത്തതിനാല്‍ ഒന്‍പത് വയസ്സുകാരനെ അച്ഛന്‍ കൊലപ്പെടുത്തി

ലക്നൗ: നാലുവയസ്സുള്ള മകളുടെ മുന്നില്‍വെച്ച് ഒന്‍പത് വയസുകാരനായ മകനെ കൊലപ്പെടുത്തി അച്ഛന്‍. കാണാതായ മൊബൈല്‍ ഫോണ്‍ കണ്ടെത്തി നല്‍കാന്‍ കഴിയാത്തതാണ് പ്രകോപനത്തിന് കാരണമെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ കുട്ടിയുടെ മുത്തച്ഛന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് അച്ഛന്‍ മുകേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രി മെയിന്‍പുരി ജില്ലയിലാണ് സംഭവം നടന്നത്. മദ്യപിച്ച് വീട്ടിലെത്തിയ മുകേഷിന് ഫോണ്‍ എവിടെയാണ് വെച്ചതെന്ന് ഓര്‍മ്മയില്ല. മൊബൈല്‍ കണ്ടെത്തി തരാന്‍ മകനോട് മുകേഷ് ആവശ്യപ്പെട്ടു. എന്നാല്‍ കുട്ടിയ്ക്ക് ഫോണ്‍ കണ്ടെത്തി നല്‍കാന്‍ സാധിച്ചില്ല. ഇതോടെ കുപിതനായ മുകേഷ് കുട്ടിയെ കഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നു. തുടര്‍ന്ന് ഇവിടെ നിന്നും ഇയാള്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. മുകേഷിന്റെ നാലുവയസ്സുള്ള മകള്‍ ഇതിന് ദൃക്‌സാക്ഷിയാണെന്ന് പോലീസ് പറയുന്നു. മദ്യത്തിന് അടിമയായ മുകേഷിന്റെ ശല്യം സഹിക്കാന്‍ വയ്യാതെ ഭാര്യ എട്ടുമാസം മുന്‍പാണ് വീട് വിട്ടുപോയത്. ആറുമക്കളില്‍ നാലുപേരുമായാണ് ഭാര്യ പഞ്ചാബിലേക്ക് പോയത്. ഒന്‍പത് വയസുകാരനായ മിഥുനും നാലുവയസുള്ള അനുജത്തിയും മുകേഷിനൊപ്പമാണ് താമസിച്ചിരുന്നത്.

