മോഷ്ടിച്ച ബൈക്കുമായി യുവാവ് പിടിയില്‍

നാദാപുരം: വടകരയില്‍നിന്ന് മോഷ്ടിച്ച ബൈക്കുമായി യുവാവ് കല്ലാച്ചി ടൗണില്‍ പിടിയില്‍. വാണിമേല്‍ കൊടിയൂറ ഒടുക്കന്റവിട സുഹൈലിനെയാണ്(23) നാട്ടുകാര്‍ പിടികൂടി നാദാപുരം പൊലീസിന് കൈമാറിയത്. ബുധനാഴ്ച രണ്ടരയോടെ കല്ലാച്ചി മത്സ്യ മാര്‍ക്കറ്റിന് സമീപമാണ് സംഭവം.

കല്ലാച്ചി സ്വദേശിയും കെ എസ് ആര്‍ ടി സി തിരുവനന്തപുരം ഡിപ്പോയിലെ ഡ്രൈവറുമായ ഇല്ലത്ത് പ്രവീണ്‍ ഒരാഴ്ച മുമ്പ് ജോലിക്ക് പോയപ്പോള്‍ ബൈക്ക് വടകര കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ നിര്‍ത്തിയിട്ടതായിരുന്നു. ബുധനാഴ്ച ഉച്ചക്ക് പ്രവീണിന്റെ അനുജന്‍ പ്രേംരാജ് ടൗണിലെത്തിയപ്പോഴാണ് ബൈക്ക് റോഡരികില്‍ നിര്‍ത്തിയിട്ടത് ശ്രദ്ധയില്‍പെടുന്നത്. ഉടന്‍ പ്രേംരാജ് സഹോദരനെ വിളിച്ച് അന്വേഷിച്ചപ്പോള്‍ ബൈക്ക് വടകരയില്‍ നിര്‍ത്തിയിട്ടതാണെന്ന മറുപടിയാണ് ലഭിച്ചത്.

പിന്നീട് പ്രേംരാജും സുഹൃത്തുക്കളും ചേര്‍ന്ന് ബൈക്ക് ഓടിച്ചയാളെ കണ്ടെത്താനായി കാത്തിരുന്നു. അല്‍പസമയത്തിനുള്ളില്‍ ബൈക്ക് എടുക്കാനായി സുഹൈല്‍ എത്തിയപ്പോള്‍ നാട്ടുകാര്‍ തടഞ്ഞുവെച്ച് നാദാപുരം പൊലീസിന് കൈമാറുകയായിരുന്നു. ഉടമസ്ഥന് പരാതിയില്ലാത്തതിനാല്‍ ബൈക്ക് വിട്ടുനല്‍കി പ്രതിയെ കേസില്‍നിന്ന് ഒഴിവാക്കി.
കക്കംവെള്ളിയിലെ വീട്ടില്‍നിന്ന് വാച്ചും പണവും കവര്‍ന്ന കേസില്‍ സുഹൈലിനെ പോലീസ് അറസ്റ്റ് ചെയ്തു. സുഹൈല്‍ വിവിധ പൊലീസ് സ്റ്റേഷനുകളിലെ മോഷണക്കേസുകളില്‍ പ്രതിയാണ്.
