കെ എസ് ആര്‍ ടി സിയില്‍ ശമ്പള പരിഷ്‌കരണം; അടിസ്ഥാന ശമ്പളം 23,000 രൂപയാക്കി

കെ എസ് ആര്‍ ടി സിയില്‍ ശമ്പള പരിഷ്‌കരണം പ്രാബല്യത്തില്‍ വന്നു. അടിസ്ഥാന ശമ്പളം 23,000 രൂപയാക്കി മാറ്റി. ഡ്രൈവര്‍മാര്‍ക്ക് അധിക ആനുകൂല്യം. ശമ്പള വര്‍ധനയ്ക്ക് കഴിഞ്ഞ ജൂണ്‍ മുതല്‍ പ്രാബല്യം ലഭിക്കും. ഡ്രൈവര്‍ കണ്ടക്ടര്‍ തസ്തിക സൃഷ്ടിക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. കെ എസ ്ആര്‍ ടി സി ജീവനക്കാരുടെ ഏറെക്കാലത്തെ ആവശ്യത്തിനും സമരത്തിനും പരിഹാരം. അംഗീകൃത ജീവനക്കാരുടെ സംഘടനകളുമായി മന്ത്രിയും മാനേജ്മെന്റും നടത്തിയ നിരന്തരചര്‍ച്ചകള്‍, അവസാനം ശമ്പള പരിഷ്‌കരണ കരാര്‍ യാഥാര്‍ഥ്യമായി. ശമ്പള പരിഷ്‌കരണം സര്‍ക്കാരിന് 16 കോടി അധിക ബാധ്യത ഉണ്ടാകുമെന്നാണ് കണക്കുകള്‍. എന്നാല്‍ വരുമാന വര്‍ദ്ധനവിലൂടെ ഇത് മറികടക്കാന്‍ സാധിക്കുമെന്നാണ് ഗതാഗത വകുപ്പിന്റെ വിലയിരുത്തല്‍. പെന്‍ഷന്‍കാരുടെ സമരം ഒത്തുതീര്‍പ്പാക്കണമെന്നും സര്‍വീസുകള്‍ കൂടുതലായി നടത്തി വരുമാനം കൂട്ടണമെന്നും സി ഐ ടി യു നേതാവ് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. അംഗീകൃത തൊളിലാളി സംഘടനകളുടെ സാന്നിധ്യത്തിലായിരുന്നു കരാര്‍ ഒപ്പിടല്‍. 2021 ജൂണ്‍ മാസം മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ശമ്പള പരിഷ്‌കരണം നടപ്പാക്കും. കുടിശ്ശിക തുക ധനസ്ഥിതി മെച്ചപ്പെടുന്നതനുസരിച്ചു വിതരണം ചെയ്യുമെന്നും മന്ത്രി ആന്റണി രാജു വ്യക്തമാക്കി.

പ്രഖ്യാപിച്ച തീയതിക്കുള്ളില്‍ തന്നെ 11 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കെ എസ് ആര്‍ ടി സി ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന ശമ്പളക്കരാര്‍ ഒപ്പ് വെച്ചു. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ സാന്നിധ്യത്തില്‍ കെഎസ്ആര്‍ടിസി സിഎംഡി ബിജുപ്രഭാകര്‍ ഐഎഎസും, ജീവനക്കാരുടെ മൂന്ന് സംഘടനാ പ്രതിനിധികളുമായാണ് കരാറില്‍ ഒപ്പ് വെച്ചത്. കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനിലെ സ്ഥിരം ജീവനക്കാരുടെ നിലവിലുളള സേവന-വേതന വ്യവസ്ഥകളും മറ്റു ആനുകൂല്യങ്ങളും സംബന്ധിച്ച കരാര്‍, സര്‍ക്കാര്‍ അംഗീകാരത്തോടുകൂടി 01-3-2011 മുതല്‍ പ്രാബല്യത്തില്‍ നടപ്പിലാക്കിയിട്ടുളളതും ആയതിന്റെ കാലാവധി 28-2-2016ല്‍ അവസാനിച്ചിട്ടുളളതുമാണ്.

ശമ്പളപരിഷ്‌ക്കരണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി തലത്തിലും, ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ തലത്തിലും അംഗീകൃത തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തുകയുണ്ടായി. ഗതാഗത വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയില്‍, 09-12-2021 തീയതിയില്‍ മാനേജ്മെന്റും, അംഗീകൃത തൊഴിലാളി സംഘടനാ പ്രതിനിധികളുമായി നടന്ന ചര്‍ച്ചയില്‍ ചുവടെ പരമാര്‍ശിക്കുന്നതരത്തില്‍ കെ.എസ്.ആര്‍.റ്റി.സി ജീവനക്കാരുടെ സേവന-വേതന കരാര്‍ പരിഷ്‌ക്കരിക്കുന്നതിന് തീരുമാനിക്കുകയുണ്ടായി. ആയതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ സേവന-വേതന കരാര്‍ 2021 ഒപ്പുവയ്ക്കുന്ന നടപടികള്‍ 13-1-2022ന് പി ആര്‍ ചേംബര്‍ (സൌത്ത് ബ്ലോക്ക്) വച്ച് നടത്തപ്പെടുകയുണ്ടായി.
1 കരാറിലെ കക്ഷികള്‍ മാനേജ്മെന്റിനെ പ്രതിനിധീകരിച്ച്
ബിജു പ്രഭാകര്‍ IAS, (ഗവണ്‍മെന്റ് സെക്രട്ടറി, ഗതാഗതം, നഗരകാര്യം വകുപ്പ്) ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍. അംഗീകൃത തൊഴിലാളി സംഘടനകളെ പ്രതിനിധീകരിച്ച് കെ എസ് ആര്‍ ടി എംപ്ലോയീസ് അസോസിയേഷനു (സി ഐ റ്റി യു) വേണ്ടി
1. ആനത്തലവട്ടം ആനന്ദന്‍,
പ്രസിഡന്റ്.
2. സി കെ ഹരികൃഷ്ണന്‍,
ജനറല്‍ സെക്രട്ടറി.
3.വി. ശാന്തകുമാര്‍,
സംസ്ഥാന സെക്രട്ടറി.
4. പി. ഗോപാലകൃഷ്ണന്‍,
സംസ്ഥാന ട്രഷറര്‍.
ട്രാന്‍സ്പോര്‍ട്ട് ഡെമോക്രേറ്റിക് ഫെഡറേഷനു (റ്റി ഡി എഫ്) വേണ്ടി
1. തമ്പാനൂര്‍ രവി,
മുന്‍ എം എല്‍ എ, പ്രസിഡന്റ്.
2. ആര്‍ ശശിധരന്‍,
വര്‍ക്കിംഗ് പ്രസിഡന്റ്.
3. സി മുരുകന്‍,
ഖജാന്‍ജി.
4. റ്റി സോണി,
യൂണിയന്‍ പ്രതിനിധി.
കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് സംഘിനു (ബി എം സ്) വേണ്ടി
1. ജി കെ അജിത്,
സംസ്ഥാന പ്രസിഡന്റ്.
2. എസ് അജയകുമാര്‍,
സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ്.
3. കെ എല്‍ രാജേഷ്,
ജനറല്‍ സെക്രട്ടറി.
4. എസ് ശ്രീകുമാരന്‍,
സംസ്ഥാന ട്രഷറര്‍.
2 മാസ്റ്റര്‍ സ്‌കെയില്‍ സര്‍ക്കാരിലേതുപോലെ 11-ാം ശമ്പളകമ്മീഷന്‍ സ്‌കെയില്‍
23000 700(7) 27900 800(4) 31100 900(8) 38300 1000(4) 42300 1100(5) 47800 1200(4) 52600 1300(3) 56500 1400(3) 60700 1500(3) 65200 1600(3) 70000 1800(5) 79000 2000(5) 89000 2200(4) 97800 2500(3) 105300.
3 ലയന ഡി എ- നിലവിലെ അടിസ്ഥാന ശമ്പളത്തോടൊപ്പം 137%.
4 വീട്ടുവാടക ബത്ത- പരിഷ്‌ക്കരിച്ച അടിസ്ഥാന ശമ്പളത്തിന്റെ 4% (നാല് ശതമാനം) എന്ന നിരക്കില്‍ കുറഞ്ഞത് 1,200 (ആയിരത്തി ഇരുന്നൂറ്) രൂപയും പരമാവധി 5,000 (അയ്യായിരം) രൂപയും പ്രതിമാസം വീട്ടുവാടക അലവന്‍സ് നല്‍കും.
5 ഫിറ്റ്മെന്റ് സര്‍ക്കാരില്‍ നിശ്ചയിച്ചതുപോലെ 10%.
6 DCRG -നിലവിലെ 7 ലക്ഷത്തില്‍ നിന്നും 10 ലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കും.
7 CVP (കമ്യുട്ടേഷന്‍) -നിലവിലെ 20% തുടരും.
8 പ്രാബല്യ തീയതി- 01-6-2021 മുതല്‍ അഞ്ച് (5) വര്‍ഷം.
9 സാമ്പത്തിക ആനുകൂല്യം അനുവദിക്കുന്ന തീയതി നിര്‍ദ്ദിഷ്ട ശമ്പളപരിഷ്‌ക്കരണത്തിന്റെ സാമ്പത്തികാനുകൂല്യം 01-1-2022 മുതല്‍ ആയിരിക്കും. (2022 ഫെബ്രുവരിയില്‍ ലഭിയ്ക്കുന്ന ശമ്പളത്തോടൊപ്പം).
10 ഡ്രൈവര്‍മാര്‍ക്കുള്ള അധികബത്ത പ്രതിമാസം 20 ഡ്യൂട്ടി എങ്കിലും ചെയ്യുന്ന ഡ്രൈവര്‍ക്ക് പ്രതി ഡ്യൂട്ടിക്ക് 50 രൂപ വീതവും 20ല്‍ അധികം ചെയ്യുന്ന ഓരോ ഡ്യൂട്ടിക്കും 100 രൂപ വീതവും കണക്കാക്കി ശമ്പളത്തോടൊപ്പം അധിക ബത്തയായി അനുവദിക്കുന്നതാണ്.
11 ചൈല്‍ഡ് കെയര്‍ അലവന്‍സ് / അവധി വനിതാ വിഭാഗം ജീവനക്കാര്‍ക്ക് നിലവിലെ പ്രസവാവധിക്ക് (180 ദിവസം) പുറമേ ഒരു വര്‍ഷക്കാലത്തേയ്ക്ക് ശൂന്യവേതന അവധി (LWA) അനുവദിക്കുന്നതാണ്. ഈ അവധി കാലയളവ് പ്രൊമോഷന്‍, ഇന്‍ക്രിമെന്റ്, പെന്‍ഷന്‍ എന്നിവയ്ക്ക് പരിഗണിക്കുന്നതാണ്. ഈ അവധി വിനിയോഗിക്കുന്നവര്‍ക്ക് പ്രതിമാസം 5,000/ (അയ്യായിരം) രൂപ ചൈല്‍ഡ് കെയര്‍ അലവന്‍സ് ആയി നല്‍കുന്നതാണ്.
12 പ്രൊമോഷന്‍- എല്ലാ വിഭാഗം ജീവനക്കാര്‍ക്കും, ഒഴിവുകളുടെ അടിസ്ഥാനത്തില്‍ ഘട്ടംഘട്ടമായി പ്രൊമോഷന്‍ അനുവദിക്കും.
13 അവധി- ഒരു വര്‍ഷത്തിലെ പൊതു അവധികള്‍ നാല് (4) ദേശീയ അവധികളും, പതിനൊന്ന് (11) സംസ്ഥാന അവധികളും ഉള്‍പ്പെടെ ആകെ പതിനഞ്ച് (15) എണ്ണം ആയി നിജപ്പെടുത്തും. കൂടാതെ ഒരു ജീവനക്കാരന് നല്‍കാവുന്ന നിയന്ത്രിത അവധി (ഞഒ) നാല് (4) എണ്ണമായി ഉയര്‍ത്തുകയും, പ്രാദേശിക അവധി ഒരു (1) എണ്ണമായും നിജപ്പെടുത്തുകയും ചെയ്യും.
14 വെല്‍ഫെയര്‍ ഫണ്ട് ജീവനക്കാരുടെ പങ്കാളിത്തത്തോടുകൂടി കെ എസ് ആര്‍ റ്റി സി എംപ്ലോയീസ് വെല്‍ഫെയര്‍ ഫണ്ട് ട്രസ്റ്റ് രൂപീകരിക്കും. ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍, ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ ആന്റ് ചീഫ് അക്കൌണ്ട്‌സ് ഓഫീസര്‍, ഗതാഗത വകുപ്പില്‍ നിന്നും, ധനകാര്യ വകുപ്പില്‍ നിന്നും സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന ഓരോ പ്രതിനിധികള്‍, അംഗീകൃത തൊഴിലാളി സംഘടനകളുടെ ഓരോ പ്രതിനിധിയും ചേര്‍ന്നതാ യിരിക്കും ട്രസ്റ്റ്. ‘ടി’ ട്രസ്റ്റിന്റെ ചെയര്‍മാന്‍, കെ.എസ്.ആര്‍.റ്റി.സി. ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടറും, ട്രഷറര്‍ ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ ആന്റ് ചീഫ് അക്കൌണ്ട്‌സ് ഓഫീസറും ആയിരിക്കും.
പ്രസ്തുത ട്രസ്റ്റിലേക്ക് ചുവടെ ചേര്‍ത്തിരിക്കുന്ന തരത്തില്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും പ്രതിമാസ വിഹിതം ഈടാക്കുന്നതാണ്.
എല്ലാ വിഭാഗം ഹയര്‍ ഡിവിഷന്‍ ഓഫീസര്‍മാരും
പ്രതിമാസം 300/ രൂപ.
എല്ലാ വിഭാഗം സൂപ്പര്‍വൈസറി ജീവനക്കാരും
പ്രതിമാസം 200/ രൂപ.
മറ്റുളള എല്ലാ വിഭാഗം ജീവനക്കാരും
പ്രതിമാസം 100/ രൂപ.
കോര്‍പ്പറേഷന്‍, വെല്‍ഫെയര്‍ ഫണ്ടിലേക്ക് നിക്ഷേപിക്കുന്ന മൂലധനത്തിനുപുറമെ മൂന്ന് (3) കോടി രൂപ വാര്‍ഷിക ഫണ്ടായി ടി ട്രസ്റ്റില്‍ നിക്ഷേപിക്കുന്നതാണ്.ടി ഫണ്ടില്‍ നിന്നും സാമ്പത്തിക ആനുകൂല്യം കൈപ്പറ്റാത്ത ജീവനക്കാര്‍ വിരമിക്കുമ്പോഴോ, മരണപ്പെടുകയോ ചെയ്യുന്നപക്ഷം ആകെ അടച്ച തുകയുടെ പകുതി പലിശരഹിതമായി തിരികെ നല്‍കുന്നതാണ്.
15 Furlough leave Furlough leave സമ്പ്രദായം നടപ്പിലാക്കും.- 45 വയസ്സിന് മുകളില്‍ താല്‍പര്യമുളള കണ്ടക്ടര്‍, മെക്കാനിക്കല്‍ വിഭാഗം ജീവനക്കാര്‍ക്ക് 50% ശമ്പളത്തോടെ ഒരു വര്‍ഷം മുതല്‍ 5 വര്‍ഷം വരെ അവധി അനുവദിക്കും.
16 Special Rules -ഡ്രൈവര്‍-കം-കണ്ടക്ടര്‍ എന്ന പുതിയ കേഡര്‍ സൃഷ്ടിക്കും. നിലവിലെ അഡ്മിനിസ്‌ട്രേഷന്‍ സംവിധാനം വിഭജിച്ച് അഡ്മിനിസ്‌ട്രേഷന്‍, അക്കൌണ്ട്‌സ് എന്നീ വിഭാഗങ്ങള്‍ രൂപീകരിക്കും. മെക്കാനിക്കല്‍ വിഭാഗം പുന:സംഘടിപ്പിക്കും. മേല്‍ മൂന്ന് (3) വിഭാഗം ജീവനക്കാരുടെയും സ്പെഷ്യല്‍ റൂള്‍ വ്യവസ്ഥകള്‍ അംഗീകൃത തൊഴിലാളി സംഘടനകളുമായി ചര്‍ച്ച ചെയ്ത് അന്തിമമാക്കും.
17 ആശ്രിത നിയമനം -അപേക്ഷകള്‍ പരിഗണിച്ച്, പമ്പ് ഓപ്പറേറ്റര്‍, ഡ്രൈവര്‍, ഡ്രൈവര്‍-കം-കണ്ടക്ടര്‍ എന്നീ തസ്തികകളില്‍ ആവശ്യാനുസരണം ഘട്ടംഘട്ടമായി നിയമനം നല്‍കും. മറ്റ് തസ്തികകളിലും ആവശ്യാനുസരണം ഘട്ടംഘട്ടമായി നിയമനം നല്‍കുന്നത് പരിഗണിയ്ക്കും.
18 എംപാനല്‍ഡ് ജീവനക്കാര്‍- എംപാനല്‍ഡ് ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാരം നിര്‍ദ്ദേശി ക്കുന്നതിനായി മൂന്നംഗ ഉദ്യോഗസ്ഥ കമ്മറ്റിയെ ചുമതലപ്പെടുത്തും.
19 പെന്‍ഷന്‍ പരിഷ്‌ക്കരണം ധനകാര്യ വകുപ്പും, സഹകരണ വകുപ്പുമായി കൂടിയോലോചന നടത്തി സമയബന്ധിതമായി പെന്‍ഷന്‍കാരുടെ പെന്‍ഷന്‍ പരിഷ്‌ക്കരണം ഉള്‍പ്പെടെയുളള വിഷയങ്ങള്‍ പരിശോധിച്ച് അംഗീകൃത തൊഴിലാളി സംഘടനകളുമായി ചര്‍ച്ച ചെയ്ത് കരാറിന്റെ ഭാഗമാക്കും.
20 പ്രതിവര്‍ഷം ആവശ്യമായ കുറഞ്ഞ ഡ്യൂട്ടികളുടെ എണ്ണം ഒരു വര്‍ഷം 190 ഫിസിക്കല്‍ ഡ്യൂട്ടികള്‍ ചെയ്യാത്ത ജീവനക്കാര്‍ക്ക് അടുത്ത പ്രമോഷന്‍, ഇന്‍ക്രിമെന്റ് എന്നിവ നല്‍കുവാന്‍ കഴിയില്ല. പെന്‍ഷന്‍ കണക്കാക്കുന്നതിനും ഇത് ബാധകമായിരിക്കും. എന്നാല്‍ അര്‍ബുദ ചികിത്സ, വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ, കരള്‍ മാറ്റിവയ്ക്കല്‍, ഡയാലിസിസ്, ഹൃദയ ശസ്ത്രക്രിയ തുടങ്ങിയ ഗുരുതര സ്വഭാവമുളള അസുഖബാധിതര്‍, അപകടങ്ങള്‍ മൂലം അംഗഭംഗം വന്ന് ശയ്യാവലംബരായവര്‍, മാതാപിതാക്കള്‍, ഭാര്യ / ഭര്‍ത്താവ്, മക്കള്‍, സഹോദരങ്ങള്‍ എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് അവധിയില്‍ പ്രവേശിക്കുന്നവര്‍, സിവില്‍ സര്‍ജന്‍ റാങ്കില്‍ കുറയാത്ത മെഡിക്കല്‍ ഓഫീസര്‍ നല്‍കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍, സ്റ്റാന്‍ഡ്-ബൈ ഡ്യൂട്ടി യൂണിറ്റ് അധികാരികള്‍ അനുവദിക്കപ്പെടുന്നവര്‍ എന്നിവര്‍ക്ക് മേല്‍ വ്യവസ്ഥയില്‍ ഇളവ് നല്‍കുന്നതാണ്. ജീവനക്കാര്‍ ഹാജരാക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യമെങ്കില്‍ കൂടുതല്‍ പരിശോധനയ്ക്കായി കെ.എസ്.ആര്‍.റ്റി.സി. രൂപീകരിക്കുന്ന മെഡിക്കല്‍ ബോര്‍ഡിലോ, സര്‍ക്കാരിന്റെ മെഡിക്കല്‍ ബോര്‍ഡിലോ സമര്‍പ്പിച്ച് ടി കാര്യത്തില്‍ അന്തിമ തീരുമാനം മാനേജ്മെന്റ് സ്വീകരിക്കുന്നതാണ്.
21 സര്‍വ്വീസ് ഓപ്പറേഷന്‍- തുടര്‍ച്ചയായി 8 മണിക്കൂറില്‍ കൂടുതലുളള ദീര്‍ഘദൂര സര്‍വ്വീസുകളില്‍ ഘട്ടംഘട്ടമായി ഡ്രൈവര്‍ കം കണ്ടക്ടര്‍മാരെ നിയോഗിക്കും.
500 കിലോമീറ്ററിന് മുകളിലുളള ബാംഗ്ലൂര്‍ സര്‍വ്വീസുകള്‍ പോലുളള അന്തര്‍ സംസ്ഥാന സര്‍വ്വീസുകളില്‍ യുക്തമായ ടെര്‍മിനല്‍ കണക്കാക്കി ക്രൂ ചെയ്ഞ്ച് നടപ്പിലാക്കും.
22 ഓപ്പറേറ്റിംഗ് സെന്ററുകളുടെ ചെലവ് ചുരുക്കല്‍- ഓപ്പറേറ്റിംഗ് സെന്ററുകളുടെ ചെലവുകള്‍ കുറയ്ക്കും. ഓപ്പറേറ്റിംഗ് / ഠ&ഇ വിഭാഗം ജീവനക്കാരെ ഉപയോഗപ്പെടുത്തി ഓപ്പറേറ്റിംഗ് സെന്ററുകളുടെ പ്രവര്‍ത്തനം നിലവിലുളള സര്‍വ്വീസുകള്‍ നിലനിര്‍ത്തി പുനസജ്ജീകരിക്കും. ബസുകളുടെ ദൈനംദിന അറ്റകുറ്റപണികള്‍ ചെയ്യുന്നതിന് മാതൃ യൂണിറ്റില്‍ നിന്നും മൊബൈല്‍ വാന്‍ മുഖാന്തിരം ജീവനക്കാരെ നിയോഗിക്കും.
23 റിസര്‍വേഷന്‍ കൌണ്ടര്‍: കെ എസ് ആര്‍ റ്റി സിയുടെ റിസര്‍വേഷന്‍ കൌണ്ടറുകള്‍ മേജര്‍ ഡിപ്പോകളില്‍ മാത്രമായിരിക്കും. വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കമ്മീഷന്‍ വ്യവസ്ഥയില്‍ Direct Ticket Selling Agent മാരെ നിയോഗിക്കും.
24 സ്റ്റേ സര്‍വ്വീസുകള്‍: Dead trip ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി പരമാവധി ഓര്‍ഡിനറ്റി / ഫാസ്റ്റ് ബസ്സുകള്‍ സ്റ്റേ ബസ്സുകളാക്കി വര്‍ദ്ധിപ്പിക്കും. ബസ്സുകള്‍ സ്റ്റേ ചെയ്യുന്ന സ്ഥലത്ത് എത്തുവാന്‍ ഡ്രൈവര്‍, കണ്ടക്ടര്‍ വിഭാഗം ജീവനക്കാര്‍ക്ക് ഓരോ കിലോമീറ്ററിനും 2.50 രൂപ കിലോമീറ്റര്‍ അലവന്‍സ് നല്‍കും. എന്നാല്‍ 50 കിലോമീറ്ററിന് മുകളില്‍ ആണെങ്കില്‍ സ്റ്റേ അലവന്‍സ്സായി അനുവദിക്കുന്ന തുക കാലാകാലങ്ങളില്‍ അംഗീകൃത തൊഴിലാളി സംഘടനകളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും.
25 പിരിഞ്ഞുപോയ ജീവനക്കാരുടെ പുനരധിവാസം- കെ.എസ്.ആര്‍.റ്റി.സി.യില്‍ നിന്നും പിരിഞ്ഞുപോയിട്ടുളള പരിചയ സമ്പന്നരായ ജീവനക്കാരെ ബോഡി ബില്‍ഡിംഗ്, Light Motor Vehicle-കളുടെ അറ്റകുറ്റപണികള്‍, സ്പെയര്‍ പാര്‍ട്‌സ് കടകള്‍, മറ്റ് സംരംഭങ്ങള്‍ എന്നീ ജോലികള്‍ക്കായി കെ എസ് ആര്‍ റ്റി സിയുടെ പങ്കാളിത്തം ഇല്ലാത്ത പ്രത്യേക ലേബര്‍ സൊസൈറ്റി മുഖാന്തിരം പുനരധിവസിപ്പിക്കുവാന്‍ പദ്ധതി ഒരുക്കും.
26 മരണാനന്തര ചെലവ്- ഒരു ജീവനക്കാരന്‍ / ജീവനക്കാരി കൃത്യനിര്‍വ്വഹണത്തിനിടയില്‍ അപകടംമൂലം മരണപ്പെട്ടാല്‍, മരണാനന്തര ചെലവിന് നിലവില്‍ 10,000/ രൂപയില്‍ നിന്നും 50,000/ രൂപയായി വര്‍ദ്ധിപ്പിക്കും. കൃത്യനിര്‍വ്വഹണത്തിനിടയില്‍ അല്ലാതെ സംഭവിക്കുന്ന മരണത്തിന്, മരണാനന്തര ചെലവിന് നല്കുന്ന 2,000/ രൂപ എന്നത് 5,000/ രൂപയായി വര്‍ദ്ധിപ്പിക്കും. രണ്ടും ബാദ്ധ്യതയായി കണക്കാക്കുന്നതല്ല.
