പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി പി ടി എ റഹീം എം എല്‍ എ ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം: കെ എസ് ഇ ബി ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കായി ആരംഭിച്ച പുരപ്പുറ സൗരോര്‍ജ പദ്ധതിയുടെ കുന്ദമംഗലം നിയോജക മണ്ഡലംതല ഉദ്ഘാടനം പി ടി എ റഹീം എം എല്‍ എ നിര്‍വ്വഹിച്ചു. പടനിലത്ത് പുതുതായി സ്ഥാപിച്ച 5 കിലോ വാട്ട് സോളാര്‍ നിലയത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നടത്തിക്കൊണ്ടാണ് അദ്ദേഹം പദ്ധതിക്ക് തുടക്കം കുറിച്ചത്.

കേരളത്തിലെ സൗരോര്‍ജ്ജ വൈദ്യുതി ഉല്‍പ്പാദനശേഷി 1000 മെഗാവാട്ട് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ഊര്‍ജ്ജ കേരള മിഷനില്‍ ഉള്‍പ്പെടുത്തി നടപ്പാക്കിവരുന്ന പദ്ധതിയാണ് സൗര. പുനരുപയോഗ ഊര്‍ജ സ്രോതസ്സുകളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം വൈദ്യുതിയുടെ ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിന് പദ്ധതി സഹായകരമാണ്.

ലക്ഷ്യമിടുന്ന 1000 മെഗാവാട്ടില്‍ 500 മെഗാവാട്ട് പുരപ്പുറ സൗരോര്‍ജ്ജ നിലയങ്ങളില്‍ നിന്ന് മാത്രമാണ് കണ്ടെത്തുന്നത്. ഇതിന്റെ ഭാഗമായി കേന്ദ്ര നവ പുനരുപയോഗ ഊര്‍ജ മന്ത്രാലയം പ്രഖ്യാപിച്ച രണ്ടാംഘട്ട സബ്‌സിഡി പ്രോഗ്രാമിന്റെ സഹായത്തോടെയും സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരത്തോടെയും ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കായി നടപ്പാക്കുന്നതാണ് സൗര പുരപ്പുറ സൗരോര്‍ജ പദ്ധതിയുടെ ഭാഗമായുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള സബ്‌സിഡി സ്‌കീം.
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുല്‍ക്കുന്നുമ്മല്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി അനില്‍കുമാര്‍, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ യു സി പ്രീതി, ഷബ്‌ന റഷീദ്, വാര്‍ഡ് മെമ്പര്‍ യു സി ബുഷ്‌റ എന്നിവര്‍ സംസാരിച്ചു. കോഴിക്കോട് ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്‌സി. എഞ്ചിനീയര്‍ ഷാജി സുധാകരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ പി ചന്ദ്രബാബു സ്വാഗതവും അസി. എക്‌സി. എഞ്ചിനീയര്‍ പ്രസാദ് കുട്ടന്‍ നന്ദിയും പറഞ്ഞു.
