തിരൂരിലെ മൂന്നര വയസുകാരന്റെ മരണം ക്രൂരമര്‍ദനമേറ്റത് കൊണ്ടെന്ന് പോലീസ്


മലപ്പുറം: തിരൂരിലെ മൂന്നര വയസുകാരന്‍ മരിക്കാന്‍ കാരണം ക്രൂരമര്‍ദനമേറ്റത് കൊണ്ടെന്ന് കണ്ടെത്തി പൊലീസ്. കുട്ടിയുടെ ഹൃദയത്തിലും വൃക്കകളിലും ചതവും മുറിവുകളും കണ്ടെത്തി. തലച്ചോറിലും ചതവുണ്ടായിരുന്നു. ബോധപൂര്‍വം മര്‍ദിച്ചതിന്റെ ലക്ഷണങ്ങളാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയത്. തിരൂരില്‍ വാടകയ്ക്ക് താമസിക്കുന്ന പശ്ചിമ ബംഗാള്‍ കുടുംബത്തിലെ ഷെയ്ക്ക് സിറാജാണ് കൊല്ലപ്പെട്ടത്.

തിരൂര്‍ ഇല്ലത്തപ്പാടത്തെ ക്വാര്‍ട്ടേഴ്സിലാണ് കുടുംബം താമസിക്കുന്നത്. മുംതാസ് ബീവിയുടെ ആദ്യഭര്‍ത്താവായ ഷെയ്ക്ക് റഫീക്കിന്റെ മകനാണ് മരിച്ച ഷെയ്ക്ക് സിറാജ്. ഒരു വര്‍ഷം മുമ്പ് റഫീക്കുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷം അര്‍മാന്‍ എന്നയാളെ മുംതാസ് ബീവി വിവാഹം കഴിച്ചിരുന്നു.

രണ്ടാനച്ഛന്‍ അര്‍മാന്‍ കുട്ടിയെ ജില്ലാ ആശുപത്രിയിലാക്കിയ ശേഷം രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഇയാളെ പാലക്കാട് നിന്ന് പൊലീസ് പിടികൂടിയിരുന്നു. കുട്ടിയുടെ അമ്മ മുംതാസ് ബീഗത്തെ കുട്ടിയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇരുവരെയും ഉടന്‍ അറസ്റ്റ് ചെയ്യും. കുട്ടിയുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകളുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തിരൂരില്‍ ഒരാഴ്ച മുമ്പാണ് കുടുംബം താമസിക്കാനെത്തിയത്. ഇന്നലെ ഇവര്‍ വഴക്കുണ്ടായതായി സമീപത്ത് താമസിക്കുന്നവര്‍ പറഞ്ഞു. പൊലീസ് ഇവര്‍ താമസിച്ചിരുന്ന മുറിയിലും പരിശോധന നടത്തി.

