Naattuvaartha

News Portal Breaking News kerala, kozhikkode,

ബിഷപ്പ് ഫ്രാങ്കോ കേസ്; കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിക്ക് കനത്ത സുരക്ഷ

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ ബലാത്സംഗക്കേസില്‍ ഇന്ന് വിധി പറയുന്ന പശ്ചാത്തലത്തില്‍ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവരെ കോടതി പരിസരത്ത് കയറാന്‍ അനുവദിക്കില്ല. കലക്ട്രേറ്റില്‍ ജോലിക്ക് എത്തുന്നവര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണ്. സുരക്ഷയ്ക്ക് വേണ്ടി നൂറോളം പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിക്കും.

ഇന്നു രാവിലെ 11 മണിയോടെയാണ് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി കേസില്‍ വിധിപറയുക. 105 ദിവസത്തെ വിചാരണയില്‍ 39 സാക്ഷികളെ വിസ്തരിച്ചു. 83 സാക്ഷികള്‍ ഉണ്ടായിരുന്നുവെങ്കിലും കൂറുമാറാനുള്ള സാധ്യത കണക്കിലെടുത്ത് പ്രോസിക്യൂഷന്‍ പലരേയും വിസ്തരിച്ചിരുന്നില്ല. 122 പ്രമാണങ്ങള്‍ കോടതി പരിശോധിച്ചു. കഴിഞ്ഞ മാസം 29ന് വിചാരണ അവസാനിപ്പിച്ച കോടതി. 10-ാം തിയ്യതി അവസാന വാദം പൂര്‍ത്തിയാക്കി.

2018 സെപ്റ്റംബര്‍ 21നാണ് ഫ്രാങ്കോ അറസ്റ്റിലായത്.കന്യാസ്ത്രീകളെ സ്വാധീനിക്കാനും അപായപ്പെടുത്താനുമടക്കം ഇതിനിടെ നീക്കങ്ങളുണ്ടായി. അന്വേഷണ ഉദ്യോഗസ്ഥനെതിരെയും ഭീഷണി വന്നു. എന്നാല്‍ ഇതെല്ലാം മറികടന്ന് 2019 ഏപ്രില്‍ മാസത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. വിചാരണ കൂടാതെ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന ഫ്രാങ്കോയുടെ ആവശ്യം സുപ്രിം കോടതി വരെ തള്ളിയതോടെയാണ് വിചാരണ ആരംഭിച്ചത്. വൈക്കം ഡിവൈഎസ്പി ആയിരുന്ന കെ സുഭാഷായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!