രോഗങ്ങളെ തോല്‍പിച്ച നരിക്കുനി സ്വദേശിനി ഡോക്ടറാവാനുള്ള തയ്യാറെടുപ്പിലാണ്

നരിക്കുനി: രോഗങ്ങളെ തോല്‍പിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയ നരിക്കുനി സ്വദേശിനി ഡോക്ടറാവാനുള്ള തയ്യാറെടുപ്പിലാണ്. പ്രതിസന്ധികളില്‍ പതറാതെ നീറ്റ് പരീക്ഷയില്‍ മികച്ച വിജയം നേടിയ നരിക്കുനി തറോക്കണ്ടി പ്രേമരാജന്റെ മകള്‍ അനുശ്രീയാണ് എം ബി ബി എസ് പ്രവേശനം കാത്തിരിക്കുന്നത്. പ്രയാസപ്പെടുന്നവര്‍ക്ക് ആശ്വാസമേകാന്‍ പ്രതിസന്ധികള്‍ തടസ്സമാവില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് അനുശ്രീ കാത്തിരിക്കുന്നത്.

അനുശ്രീ വേദനകള്‍ കടിച്ചമര്‍ത്തി പുഞ്ചിരിക്കുകയാണ്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അനുശ്രീക്ക് കാലിന് വേദന തുടങ്ങിയത്. വിദഗ്ദ പരിശോധനയില്‍ ട്യൂമര്‍ സ്ഥിരീകരിച്ചു. വര്‍ഷങ്ങള്‍ നീണ്ടു നിന്ന ചികിത്സ. ഒടുവില്‍ 2021 ജനുവരിയില്‍ വലതുകാലിന്റെ മുട്ടിന് താഴേ മുറിച്ചു മാറ്റി. ഇതിനിടെ എസ് എസ് എല്‍ സി യും പ്ലസ് ടു വും പാസായി. ഇന്നിപ്പോള്‍ അനുശ്രീയേ തേടിയെത്തിയത് മറ്റൊരു സന്തോഷ വാര്‍ത്തയാണ്. നീറ്റ് പരീക്ഷയില്‍ ആള്‍ ഇന്ത്യാ തലത്തില്‍ 77-ാം റാങ്കും സംസ്ഥാന തലത്തില്‍ നാലാം റാങ്കും. ഡോക്ടറാവാനായി എല്ലാ വദേനകളും കടിച്ചമര്‍ത്തി നിറ പുഞ്ചിരിയോടെ അനുശ്രീ കാത്തിരിക്കുകയാണ്.

വേദനകള്‍ നിറഞ്ഞ കാലത്ത് പിന്തുണയേകിയ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള എല്ലാവരെയും അനുശ്രീ ഓര്‍ത്തെടുക്കുകയാണ്. തനിക്ക് ലഭിച്ച പിന്തുണ ആവശ്യമുള്ള നിരവധി പേര്‍ സമൂഹത്തിലുണ്ട്. അത്തരക്കാര്‍ക്ക് സഹായമേകുന്ന ഡോക്ടറാവണമെന്നാണ് അനുശ്രീയുടെ ആഗ്രഹം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെ പ്രവേശനം ലഭിക്കുമെന്നാണ് അനുശ്രീയുടെ പ്രതീക്ഷ. ലക്ഷ്യത്തിലെത്താന്‍ ശാരീരിക പ്രയാസങ്ങള്‍ തടസ്സമാവില്ലെന്ന് അനുശ്രീ ഉറച്ചു വിശ്വസിക്കുന്നു. മാതാപിതാക്കളും സഹോദരനും ഉള്‍പ്പെടെയുള്ള കുടുംബവും നാട്ടുകാരും സഹപാഠികളുമെല്ലാം കൂടെയുള്ളപ്പോള്‍ രോഗത്തിന് തന്നെ തളര്‍ത്താനാവില്ലെന്നാണ് അനുശ്രീ പറയുന്നത്.
