കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ അസ്തമിക്കാതെ കാക്കണം; മന്ത്രി സജി ചെറിയാന്‍

നടുവണ്ണൂര്‍: കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ അസ്തമിക്കാതെ കാക്കണമെന്ന് സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാന്‍. നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തിലെ കാവുന്തറ ആല്‍ത്തറമുക്ക് ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം നാടിനു സമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യമാറ്റങ്ങള്‍ക്ക് ഏറ്റവുമധികം സ്വാധീനം ചെലുത്തിയത് കലയും സാഹിത്യവുമാണ്. പുസ്തകങ്ങളും കലാപ്രവര്‍ത്തനങ്ങളുമെല്ലാം സമൂഹത്തെ ഇളക്കി മറിക്കുകയും വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്തു. അത്തരം കലാ-സാംസ്‌കാരിക-ഗ്രന്ഥശാലാ പ്രവര്‍ത്തനങ്ങള്‍ അസ്തമിക്കാതെ കാക്കുന്നതില്‍ ഓരോത്തരും പങ്കാളികളാകണം.

വായനശാലകള്‍ അടക്കമുള്ള സാംസ്‌കാരിക സ്ഥാപനങ്ങള്‍ നിലനിര്‍ത്തേണ്ടത് ജനപ്രതിനിധികളുടേയും ജനായത്ത ഭരണസംവിധാനങ്ങളുടേയും കടമയും ആവശ്യവുമാണ്. അത്തരത്തില്‍ കാവുന്തറ-ആല്‍ത്തറമുക്ക് ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം പ്രാധാന്യമര്‍ഹിക്കുന്നതായി മന്ത്രി അഭിപ്രായപ്പെട്ടു. കലാ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥിരമായ വേദിയായി ഓഡിറ്റോറിയത്തെ മാറ്റാന്‍ കഴിയണം. ഇടക്കിടെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുകയും അതുവഴി നാട്ടിലെ ജനങ്ങളുടെ ഐക്യത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമായി കെട്ടിടം മാറുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

ബാലുശ്ശേരി മണ്ഡലം മുന്‍ എം എല്‍ എ പുരുഷന്‍ കടലുണ്ടിയുടെ പ്രാദേശിക വികസന നിധിയില്‍ ഉള്‍പ്പെടുത്തി 14.9 ലക്ഷം രൂപ അനുവദിച്ച പ്രവൃത്തിയുടെ പൂര്‍ത്തീകരണത്തിന് മണ്ഡലം എം എല്‍ എ അഡ്വ. കെ എം സച്ചിന്‍ ദേവ് മൂന്നു ലക്ഷം രൂപ കൂടി അനുവദിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ബാലുശ്ശേരി ബ്ലോക്ക് ഡെവലപ്‌മെന്റ് ആഫീസര്‍ക്കായിരുന്നു നിര്‍വ്വഹണ ചുമതല.
ജല വിഭവ വകുപ്പിന്റെ കുറ്റ്യാടി ഇറിഗേഷന്‍ പ്രോജക്റ്റിന്റെ ഭാഗമായിട്ടുള്ള 4.5 സെന്റ് സ്ഥലത്താണ് ഓഡിറ്റോറിയം നിര്‍മിച്ചത്. പ്രകൃതിയുമായി ഇണങ്ങുന്ന രീതിയില്‍ നിര്‍മ്മാണം നടത്തണമെന്ന ജനപ്രതിനിധികളുടെയും അധികൃതരുടെയും നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊണ്ട് ചെത്തി മിനുക്കിയ ചെങ്കല്ല് ഉപയോഗിച്ചാണ് സ്റ്റേജിന്റെ ചുമരുകളും കവാടവും നിര്‍മ്മിച്ചിരിക്കുന്നത്. സ്റ്റേജ് വിസ്തീര്‍ണ്ണം 6 മീറ്ററും 4.5 മീറ്ററും ആണ്.
ചടങ്ങില്‍ അഡ്വ. കെ എം സച്ചിന്‍ ദേവ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോബി സാലസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി കെ അനിത, വൈസ് പ്രസിഡന്റ് ടി എം ശശി മാസ്റ്റര്‍, നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി പി ദാമോദരന്‍ മാസ്റ്റര്‍, വൈസ് പ്രസിഡന്റ് കെ എം നിഷ, ജില്ലാ പഞ്ചായത്തംഗം മുക്കം മുഹമ്മദ്, വാര്‍ഡ് മെമ്പര്‍മാരായ ഒ എം മിനി, പി പി രജില തുടങ്ങിയവര്‍ സംസാരിച്ചു.
