NAATTUVAARTHA

NEWS PORTAL

3ാം ടെസ്റ്റില്‍ ഇന്ത്യ തോറ്റു; ‘കോലിപ്പട’യ്ക്ക് പിടിനല്‍കാതെ ദക്ഷിണാഫ്രിക്ക

കേപ് ടൗണ്‍: ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും ചരിത്രവിജയം നേടിയ ടീം ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ പരമ്പര വിജയം തല്‍ക്കാലത്തേക്കെങ്കിലും കിട്ടാക്കനിയാക്കി മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയര്‍ക്ക് തകര്‍പ്പന്‍ വിജയം. 212 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക 63.3 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. മൂന്നു ടെസ്റ്റുകള്‍ ഉള്‍പ്പെടുന്ന പരമ്പര ദക്ഷിണാഫ്രിക്ക 21ന് സ്വന്തമാക്കി. ആദ്യ ടെസ്റ്റില്‍ നേടിയ തകര്‍പ്പന്‍ വിജയത്തിനുശേഷം രണ്ടും മൂന്നും ടെസ്റ്റുകളില്‍ തോല്‍വി വഴങ്ങിയാണ് ഇന്ത്യ ഒരിക്കല്‍ക്കൂടി പരമ്പര കൈവിട്ടത്. ഇനി ഇന്ത്യദക്ഷിണാഫ്രിക്ക ഏകദിന പരമ്പര ജനുവരി 19ന് ആരംഭിക്കും.

* സ്‌കോര്‍: ഇന്ത്യ 223, 198.
* ദക്ഷിണാഫ്രിക്ക 210, 3ന് 212

വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയില്‍ 139 റണ്‍സിനു മുകളിലുള്ള വിജയലക്ഷ്യം പ്രതിരോധിക്കാനാകാതെ ഇന്ത്യ തോല്‍വി വഴങ്ങുന്നത് ഇതാദ്യമായാണ്. ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ന് നഷ്ടമായത് അര്‍ധസെഞ്ചുറി നേടിയ കീഗന്‍ പീറ്റേഴ്‌സന്റെ വിക്കറ്റ് മാത്രം. പീറ്റേഴ്‌സന്‍ 113 പന്തില്‍ 10 ഫോറുകള്‍ സഹിതം 82 റണ്‍സെടുത്തു. പിരിയാത്ത നാലാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത് വാന്‍ഡര്‍ ദസ്സന്‍ (41) തെംബ ബാവുമ (32) സഖ്യം അവരെ വിജയത്തിലെത്തിച്ചു. കീഗന്‍ പീറ്റേഴ്‌സനാണ് കളിയിലെ കേമനും പരമ്പരയുടെ താരവും. രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സെന്ന നിലയില്‍ മത്സരത്തിന്റെ നാലാം ദിനമായ ഇന്ന് ബാറ്റിങ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്കായി തുടക്കത്തില്‍ത്തന്നെ പീറ്റേഴ്‌സന്‍ അര്‍ധസെഞ്ചുറി തികച്ചു. ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലും പീറ്റേഴ്‌സന്‍ അര്‍ധസെഞ്ചുറി നേടിയിരുന്നു. ഇത്തവണ സെഞ്ചുറിയിലേക്ക് നീങ്ങിയ കീഗന്‍ പീറ്റേഴ്‌സന്റെ വിക്കറ്റ് മാത്രമാണ് നഷ്ടമായത്. 113 പന്തില്‍ 10 ഫോറുകള്‍ സഹിതം 82 റണ്‍സെടുത്ത് ദക്ഷിണാഫ്രിക്കന്‍ വിജയത്തിന് അടിത്തറയിട്ട പീറ്റേഴ്‌സനെ, ഷാര്‍ദുല്‍ ഠാക്കൂറാണ് പുറത്താക്കിയത്. വ്യക്തിഗത സ്‌കോര്‍ 59ല്‍ നില്‍ക്കെ ബുമ്രയുടെ പന്തില്‍ പീറ്റേഴ്‌സന്‍ നല്‍കിയ ക്യാച്ച് ചേതേശ്വര്‍ പൂജാര കൈവിട്ടിരുന്നു.

പിന്നീട് ക്രീസില്‍ ഒരുമിച്ച റാസ്സി വാന്‍ഡര്‍ ദസ്സനും തെംബ ബാവുമയും ചേര്‍ന്ന് പിരിയാത്ത നാലാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് (57) തീര്‍ത്ത് ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചു. വാന്‍ഡര്‍ ദസ്സന്‍ 95 പന്തില്‍ മൂന്നു ഫോറുകള്‍ സഹിതം 41 റണ്‍സോടെയും ബാവുമ 58 പന്തില്‍ അഞ്ച് ഫോറുകള്‍ സഹിതം 32 റണ്‍സോടെയും പുറത്താകാതെ നിന്നു. ഓപ്പണര്‍മാരായ എയ്ഡന്‍ മര്‍ക്രം (22 പന്തില്‍ 16), ക്യാപ്റ്റന്‍ കൂടിയായ ഡീന്‍ എല്‍ഗാര്‍ (96 പന്തില്‍ 30) എന്നിവരാണ് മൂന്നാം ദിനം പുറത്തായ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, ഷാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

പാഴായ ‘പന്താട്ടം’

ഇന്നലെ ഇന്ത്യയുടെ ബാറ്റിങ് കണ്ട ഇന്ത്യന്‍ ആരാധകര്‍, ഋഷഭ് പന്തിനു പിന്തുണ കൊടുക്കാന്‍ ഒരാളെങ്കിലും ഉണ്ടായിരുന്നെങ്കിലെന്ന് കൊതിച്ചുപോയിട്ടുണ്ടാകും. 2ന് 57ല്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്കായി പന്ത് (139 പന്തില്‍ 4 സിക്‌സും 6 ഫോറും ഉള്‍പ്പെടെ 100 റണ്‍സ്) ഒറ്റയാള്‍ പോരാട്ടം നടത്തി. ബാറ്റിങ് ദുഷ്‌കരമായ വിക്കറ്റില്‍ സ്വതസിദ്ധമായ ശൈലിയിലാണു കളിച്ചത്. 143 പന്തുകള്‍ ക്ഷമയോടെ നേരിട്ടെങ്കിലും ഒടുവില്‍ കവര്‍ ഡ്രൈവിനു ശ്രമിച്ചു പരാജയപ്പെട്ട് ക്യാപ്റ്റന്‍ കോലി (29) മടങ്ങിയതു നിരാശയായി. ചേതേശ്വര്‍ പൂജാര (9), അജിന്‍ക്യ രഹാനെ (1) എന്നിവരുടെ ഭാവി മിക്കവാറും ഈ ടെസ്റ്റോടെ തീരുമാനമായേക്കും. മാര്‍ക്കോ ജാന്‍സനും (436) കഗീസോ റബാദയും (353) ലുങ്ഗി എന്‍ഗിഡിയും (321) ഉത്സാഹിച്ചു പന്തെറിഞ്ഞതോടെ ഇന്ത്യയുടെ 2ാം ഇന്നിങ്‌സ് 198ല്‍ അവസാനിച്ചു. 212 റണ്‍സ് വിജയലക്ഷ്യവുമായി 2ാം ഇന്നിങ്‌സ് തുടങ്ങിയ ആതിഥേയര്‍ക്ക് 8ാം ഓവറില്‍ മുഹമ്മദ് ഷമിയുടെ പന്തില്‍ എയ്ഡന്‍ മാര്‍ക്രത്തെ (16) നഷ്ടപ്പെട്ടെങ്കിലും 2ാം വിക്കറ്റില്‍ 78 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഡീന്‍ എല്‍ഗാറും (30) കീഗന്‍ പീറ്റേഴ്‌സനും (48 നോട്ടൗട്ട്) അവരെ രക്ഷപ്പെടുത്തി. ഇന്നലത്തെ അവസാന ഓവറില്‍ എല്‍ഗാറിനെ ബുമ്ര വീഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!