NAATTUVAARTHA

NEWS PORTAL

വിവാഹം ചെയ്തത് ഗള്‍ഫുകാരന്റെ മകളായതിനാല്‍; വിസ്മയ കേസില്‍ സാക്ഷിമൊഴി

ഗള്‍ഫുകാരന്റെ മകളായതുകൊണ്ടും മെര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്റെ പെങ്ങളായതു കൊണ്ടുമാണ് വിവാഹം കഴിച്ചതെന്ന് കിരണ്‍ പറഞ്ഞതായി വിസ്മയ. കൊല്ലത്തെ വിസ്മയ കേസിലെ വിചാരണയ്ക്കിടെ സഹോദര ഭാര്യയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന കിരണ്‍കുമാറില്‍ നിന്ന് വിസ്മയ നിരന്തരം മര്‍ദ്ദനം ഏറ്റു വാങ്ങിയിരുന്നുവെന്ന് സാക്ഷി മൊഴി. മര്‍ദ്ദനത്തെ പറ്റിയുളള വിസ്മയയുടെ വാട്‌സാപ്പ് സന്ദേശങ്ങളും പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു

കിരണ്‍കുമാര്‍ സ്ത്രീധനത്തിനു വേണ്ടിയാണ് വിസ്മയയെ മര്‍ദ്ദിച്ചത് എന്ന സൂചനയാണ് വിസ്മയയുടെ സഹോദര ഭാര്യ ഡോക്ടര്‍ രേവതി കോടതിയില്‍ നല്‍കിയ മൊഴിയില്‍ ഉള്ളത്. ഗള്‍ഫുകാരന്റെ മകളായതു കൊണ്ടും മെര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്റെ പെങ്ങളായതു കൊണ്ടുമാണ് തന്നെ വിവാഹം കഴിച്ചതെന്ന് കിരണ്‍ പറഞ്ഞതായി വിസ്മയ സഹോദര ഭാര്യയെ അറിയിച്ചിരുന്നു. കിരണ്‍ തുടര്‍ച്ചയായി മര്‍ദ്ദിച്ച കാര്യം വെളിപ്പെടുത്തി വിസ്മയ അയച്ച വാട്‌സാപ്പ് സന്ദേശങ്ങളും കോടതിക്കു മുന്നില്‍ ഡോക്ടര്‍ രേവതി തിരിച്ചറിഞ്ഞു. കിരണ്‍ ഭിത്തിയില്‍ ചേര്‍ത്തു നിര്‍ത്തി കഴുത്തില്‍ കുത്തിപ്പിടിച്ച കാര്യവും നിലത്തിട്ട് ചവിട്ടിയ കാര്യവുമെല്ലാം വിസ്മയ തന്നെ അറിയിച്ചിരുന്നെന്നും ഡോ. രേവതി കോടതിയില്‍ പറഞ്ഞു. അവസാന നാളുകളില്‍ താനുമായി ആശയവിനിമയം നടത്താതിരിക്കാന്‍ വിസ്മയയുടെ ഫോണില്‍ കിരണ്‍ തന്റെ നമ്പര്‍ ബ്ലോക്കു ചെയ്തിരുന്നുവെന്നും രേവതി കോടതിയെ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 21 നാണ് ശാസ്താംകോട്ട പോരുവഴിയിലെ ഭര്‍തൃഗൃഹത്തില്‍ വിസ്മയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ അറസ്റ്റിലായ വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍കുമാര്‍ ഇപ്പോഴും ജയിലിലാണ്. വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യയെന്നാണ് കുറ്റപത്രം പറയുന്നത്. ആത്മഹത്യ പ്രേരണയടക്കം 9 വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം നല്‍കിയിരിക്കുന്നത്. വിസ്മയയുടേത് ആത്മഹത്യ തന്നെയെന്ന് ബോധ്യപ്പെട്ടതായി കൊല്ലം റൂറല്‍ എസ് പി കെ ബി രവി നേരത്തെ പറഞ്ഞിരുന്നു. 500 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. 102 സാക്ഷികളുണ്ട്, 92 റെക്കോര്‍ഡുകളും 56 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!