Naattuvaartha

News Portal Breaking News kerala, kozhikkode,

മക്കളെ ഉപേക്ഷിച്ച് കാമുകന്‍മാരോടൊപ്പം പോയ രണ്ടു സ്ത്രീകളും കാമുകന്മാരും പിടിയില്‍

പള്ളിക്കല്‍: പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകന്‍ മാരോടൊപ്പം പോയ രണ്ടു സ്ത്രീകളും കാമുകന്മാരും അറസ്റ്റില്‍. പള്ളിക്കല്‍ കെ കെ കോണം ഹിബ മന്‍സിലില്‍ ജീമ(29), ഇളമാട് ചെറുവക്കല്‍ വെള്ളാവൂര്‍ നാസിയ മന്‍സിലില്‍ നാസിയ(28), വര്‍ക്കല,രഘുനാഥപുരം ബി എസ് മന്‍സിലില്‍ ഷൈന്‍(38), കരുനാഗപ്പള്ളി, തൊടിയൂര്‍ മുഴങ്ങോട് മീനത്തേതില്‍ വീട്ടില്‍ റിയാസ്(34) എന്നിവരാണ് അറസ്റ്റിലായത്.

2021 ഡിസംബര്‍ 26ന് രാത്രി ഒമ്പതുമണിയോടെയാണ് ജീമയും നാസിയയും പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകന്‍മാരോടൊപ്പം കടന്നുകളഞ്ഞത്. ജീമ ഒന്നര, 4, 12 വയസ്സുള്ള കുട്ടികളെയും നാസിയ അഞ്ചു വയസ്സുള്ള കുട്ടിയെയും ഉപേക്ഷിച്ചാണ് ഇരുവരും കാമുകന്മാര്‍ക്കൊപ്പം പോയത്. ഇരുവരുടെയും ഭര്‍ത്താക്കന്മാര്‍ വിദേശത്താണ്. ഭര്‍ത്താക്കന്മാര്‍ നാട്ടിലില്ലാത്ത സ്ത്രീകളെ വശീകരിച്ച് കൊണ്ടുപോയി ലൈംഗിക താല്പര്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സംഘമാണ് ഷൈനും റിയാസുമെന്ന് പോലീസ് പറയുന്നു.

ഷൈന്‍ ഇതുവരെ അഞ്ച് സ്ത്രീകളെ വശീകരിച്ച് കല്യാണം കഴിച്ചിട്ടുണ്ട്. എല്ലാ സ്ത്രീകളും ഭര്‍ത്താക്കന്മാരും കുട്ടികളും ഉള്ളവരായിരുന്നു. ആ കുട്ടികളെല്ലാം ഇപ്പോള്‍ അനാഥമായ അവസ്ഥയിലാണ്. ഷൈനെതിരെ എഴുകോണ്‍, ഏനാത്ത് എന്നീ പോലീസ് സ്റ്റേഷനുകളിലും റിയാസിനെതിരെ കരുനാഗപ്പള്ളി, ശാസ്താംകോട്ട, ചവറ, ശൂരനാട് പോത്തന്‍കോട് എന്നീ പോലീസ് സ്റ്റേഷനുകളിലും നിരവധി കേസുകള്‍ നിലവിലുണ്ട്. അടുത്തിടെ പോത്തന്‍കോട് അച്ഛനെയും മകളെയും റോഡില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചതില്‍ മൂന്നു പ്രതികളെ സംരക്ഷിച്ചിരുന്നത് റിയാസായിരുന്നു.

കുട്ടികളെ ഉപേക്ഷിച്ച് ഇവരോടൊപ്പം ഇറങ്ങിപ്പോയ സ്ത്രീകളെയും കൊണ്ട് ഇവര്‍ ബാംഗ്ലൂര്‍, മൈസൂര്‍, ഊട്ടി, കോയമ്പത്തൂര്‍, തെന്മല, കുറ്റാലം എന്നീ സ്ഥലങ്ങളില്‍ കറങ്ങി നടന്നു. ചെലവിനുള്ള 50,000 രൂപ സ്ത്രീകള്‍ അയല്‍വാസികളില്‍ നിന്നും കടം വാങ്ങിയിരുന്നു. അമ്മമാരെ കാണാതായ ശേഷം കുട്ടികള്‍ ഭക്ഷണം കഴിക്കുകയോ ഉറങ്ങുകയോ ചെയ്തിരുന്നില്ല. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി പള്ളിക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണത്തിനിടെ കുറ്റാലത്തുള്ള ഒരു റിസോര്‍ട്ടില്‍ നിന്നാണ് നാലുപേരെയും പോലീസ് പിടികൂടിയത്.

ജീമയെയും നാസിയയെയും കാണിച്ചു കൊടുക്കുന്നതിന് ഇരുവരുടെയും ബന്ധുക്കളില്‍ നിന്നും ഷൈനും റിയാസും രണ്ടുലക്ഷം രൂപ പ്രതിഫലമായി ആവശ്യപ്പെട്ടിരുന്നു. ഇവര്‍ സഞ്ചരിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചു കടന്നു കളഞ്ഞതിന് കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബാല നീതി വകുപ്പ് പ്രകാരം പള്ളിക്കല്‍ പോലീസ് നടപടി സ്വീകരിച്ചു.

തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോ. ദിവ്യ വി ഗോപിനാഥിന്റെ നിര്‍ദ്ദേശാനുസരണം വര്‍ക്കല ഡി വൈ എസ് പി നിയാസിന്റെ മേല്‍നോട്ടത്തില്‍ പള്ളിക്കല്‍ സി ഐ. പി ശ്രീജിത്ത്, എസ് ഐ. എം എസ് സഹില്‍, സി പി ഒ രാജീവ്, സി പി ഒമാരായ ഷമീര്‍, അജീസ്, മഹേഷ്, ഡബ്ല്യു. സി പി ഒ അനു മോഹന്‍, ഷംല എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ സ്ത്രീകളെയും പുരുഷന്മാരെയും റിമാന്‍ഡ് ചെയ്തു.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!