ബികാനീര്‍ എക്സ്പ്രസ് അപകടത്തില്‍ മരണം 9 ആയി

പശ്ചിമ ബംഗാള്‍: വ്യാഴാഴ്ച്ച പശ്ചിമ ബംഗാളില്‍ നടന്ന ബികാനീര്‍ എക്സ്പ്രസ് അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഒന്‍പതായി. പ്രദേശത്തെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായതായും 36 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായാണ് പൊലീസ് റിപ്പോര്‍ട്ട്. ഇതില്‍ ആറ് പേരുടെ നില അതീവഗുരുതരമാണ്. അപകടം നടന്ന പ്രദേശത്തും പരിസരങ്ങളിലുമായി കുടുങ്ങിക്കിടന്ന എല്ലാ യാത്രക്കാരെയും കണ്ടെത്തിയതായും പൊലീസ് വ്യക്തമാക്കി. പരിക്കേറ്റവരെ ജയ്പാഗുരിയിലും മയ്നാഗുരിയിലുമുള്ള ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

ഇന്നലെ വൈകീട്ട് 5.15ഓടെ രാജസ്ഥാനിലെ ബികാനീറില്‍ നിന്നും അസമിലെ ഗുവാഹത്ത് വരെ പോകുന്ന ബികാനീര്‍ എക്സ്പ്രസാണ് അപകടത്തില്‍പ്പെട്ടത്. 1,200 ല്‍പ്പരം യാത്രക്കാരാണ് എക്സ്പ്രസില്‍ യാത്രചെയ്തിരുന്നത്. എക്സ്പ്രസിന്റെ പാളം തെറ്റിയതോടെ അഞ്ച് ബോഗികള്‍ മറിഞ്ഞാണ് ദുരന്തമുണ്ടായത്. 12 ബോഗികളാണ് പാളം തെറ്റിയത്. ബി എസ് എഫ്, എന്‍ ഡി ആര്‍ എഫ് പ്രവര്‍ത്തകരും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ദുരന്തവാര്‍ത്തയറിഞ്ഞ് സമീപഗ്രാമങ്ങളിലുള്ള ആളുകളുമെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നു.

