കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്; പിടിയിലായ താമരശ്ശേരി സ്വദേശിയുമായി പോലീസ് തെളിവെടുപ്പ് നടത്തി

താമരശ്ശേരി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ താമരശ്ശേരി സ്വദേശിയുമായി പോലീസ് തെളിവെടുപ്പ് നടത്തി. താമരശ്ശേരി ഈര്‍പ്പോണ അബൂബക്കര്‍ സിദ്ദീഖി(ബാപ്പു)ന്റെ വീട്ടിലും വ്യാജ സിംകാര്‍ഡ് സംഘടിപ്പിച്ച സ്ഥാപനത്തിലുമാണ് തെളിവെടുപ്പ് നടത്തിയത്. ഡി വൈ എസ് പി. കെ അഷ്റഫിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്. ഒളിവില്‍ കഴിയുകയായിരുന്ന അബൂബക്കര്‍ സിദ്ദീഖിനെ കഴിഞ്ഞ ആഴ്ച കൊടുവള്ളിയില്‍ നിന്നാണ് പിടികൂടിയത്.

സംഭവ ദിവസം വാട്സാപ്പ് ഗ്രൂപ്പില്‍ വ്യാജ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാണ് ഇയാള്‍ അംഗമായതെന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു. വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച വാഹനങ്ങളാണ് ഇയാളുടെ സംഘം ഉപയോഗിച്ചത്. വാഹനങ്ങളെക്കുറിച്ചും സംഘാംഗങ്ങളെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്. ഇതില്‍ ചിലര്‍ വിദേശത്തേക്ക് കടന്നു.

കൊടുവള്ളി ഭാഗത്തേക്കും മറ്റും വരുന്ന മിക്ക സ്വര്‍ണക്കടത്തിനും കരിയര്‍മാരെ ഏര്‍പ്പാടാക്കിക്കൊടുക്കുന്നതും കടത്തിയ സ്വര്‍ണം സുരക്ഷിതമായി മുതലാളിമാര്‍ക്ക് എത്തിക്കുന്നതും അബൂബക്കര്‍ സിദ്ദീഖ് ആണ്. ഒളിവിലിരിക്കുമ്പോഴും വ്യാജ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഇയാള്‍ ഇടപാടുകള്‍ നടത്തിയിരുന്നു. വിവിധ വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണക്കടത്തിന് മുഖ്യ ഇടനിലക്കാരനായി ഇയാള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചു. പരിശോധനയ്ക്കായി ശേഖരിച്ച ഇയാളുടെ ശബ്ദസാമ്പിള്‍ ഫൊറന്‍സിക് ലബോറട്ടറിയിലേക്ക് അയക്കുമെന്ന് പോലീസ് അറിയിച്ചു.
