NAATTUVAARTHA

NEWS PORTAL

കൊല്ലത്ത് നവവധു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

കൊല്ലം: ചവറയില്‍ നവവധു ആത്മഹത്യ ചെയ്തത് ഭര്‍ത്താവിന്റെ വധഭീഷണിയെ തുടര്‍ന്നെന്ന് വ്യക്തമായി. ഇതേത്തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് ചവറ തോട്ടിന് വടക്ക് കോട്ടയില്‍ വടക്കേതില്‍ ശ്യാംലാലിനെ(25) പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തത്. 22 കാരിയായ സ്വാതിശ്രീയെ ജനുവരി 12ന് രാവിലെയാണ് ഭര്‍തൃഗൃഹത്തിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറു മാസം മുന്‍പാണ് ഇവരുടെ വിവാഹം നടന്നത്.

ഏറെ കാലത്തെ പ്രണയത്തിനൊടുവിലാണ് ശ്യാംലാലും സ്വാതിയും വിവാഹിതരായത്. എന്നാല്‍ വിവാഹശേഷം ഭര്‍ത്താവിന്റെ വഴിവിട്ട ബന്ധങ്ങള്‍ സ്വാതി കണ്ടുപിടിച്ചതോടെയാണ് ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ
എക്‌സിക്യൂട്ടീവായ ശ്യാംലാലിന്റെ വഴിവിട്ട ബന്ധത്തെക്കുറിച്ച് ഫോണില്‍ നിന്നാണ് സ്വാതി മനസിലാക്കിയത്. തുടര്‍ന്ന് ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു. വീട്ടില്‍നിന്ന് ഇറങ്ങിവന്ന് വിവാഹം കഴിച്ചതിനാല്‍, തിരികെ പോകാനാകാത്തതിനാല്‍ സ്വാതിശ്രീ ഭര്‍തൃഗൃഹത്തില്‍ തുടരുകയായിരുന്നുവെന്നും ഗത്യന്തരമില്ലാതെ ആത്മഹത്യ ചെയ്തുവെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

ആത്മഹത്യ ചെയ്ത ദിവസം ശ്യാംലാല്‍ അച്ഛനെയുംകൊണ്ട് തിരുവനന്തപുരത്ത് ആശുപത്രിയില്‍ ചികിത്സയ്ക്ക് പോയിരുന്നു. അവിടെനിന്ന് വിളിച്ച ഫോണ്‍കോളാണ് ആത്മഹത്യയ്ക്ക് പ്രേരണയായതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സ്വാതിയെ വധിക്കുമെന്ന് ഈ ഫോണ്‍ കോളില്‍ ശ്യാംലാല്‍ ഭീഷണി മുഴക്കി. ശ്യാംലാലിന്റെ ഭീഷണി ഫോണ്‍ കോള്‍ സ്വാതി റെക്കോര്‍ഡ് ചെയ്തിരുന്നു. ഇത് പൊലീസിന് വലിയ തെളിവായി മാറി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!