‘മിന്നല്‍ മുരളി’ ടീം വീണ്ടും ഒന്നിക്കുന്നു; പുതിയ ചിത്രം പങ്കുവച്ച് നടന്‍ ടൊവിനോ തോമസ്

ബേസില്‍ ജോസഫ് ടൊവിനോ തോമസിനെ നായകനാക്കി സംവിധാനം ചെയ്ത മിന്നല്‍ മുരളി ലോകമെമ്പാടും ശ്രദ്ധനേടി കഴിഞ്ഞു. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ എവിടെയും മിന്നല്‍ എഫക്ട് മാത്രമാണ്. ഇപ്പോഴിതാ ചിത്രത്തിലെ താരങ്ങളോടൊപ്പമുള്ള പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ടൊവിനോ.


ബേസില്‍ ജോസഫിനും ഗുരു സോമസുന്ദരത്തിനും സമീര്‍ താഹിറിനുമൊപ്പമുള്ള ചിത്രമാണ് ടൊവിനോ പങ്കു വെച്ചിരിക്കുന്നത്. മിന്നല്‍ മുരളി സെറ്റിലെ ഫോട്ടോയാണെന്ന് കരുതിയെങ്കില്‍ തെറ്റിയെന്നും ഈ ചിത്രത്തിന് ശേഷം ചെയ്ത സിനിമയുടെ ബംഗ്ളൂരുവിലെ സെറ്റില്‍ വെച്ചെടുത്ത ഫോട്ടോയാണെന്നും ടൊവിനോ പറയുന്നു. പുതിയ ചിത്രത്തില്‍ മിന്നല്‍ മുരളിയുടെ സിനിമാറ്റോഗ്രാഫറായിരുന്ന സമീര്‍ താഹിര്‍ പ്രൊഡ്യൂസര്‍ ആണെന്നും ബേസില്‍ സഹതാരമാണെന്നും ടൊവിനോ കുറിക്കുന്നു. ഗുരു സോമസുന്ദരം തങ്ങളെ സന്ദര്‍ശിക്കാനെത്തിയതാണെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു.
‘ഗോദ’ എന്ന സിനിമയ്ക്ക് ശേഷം ടൊവിനോ തോമസും സംവിധായകന്‍ ബേസില്‍ ജോസഫും ഒന്നിച്ച സിനിമയാണ് മിന്നല്‍ മുരളി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. നെറ്റ്ഫ്‌ലിക്‌സിന്റ ആഗോള ലിസ്റ്റിലെ ആദ്യ പത്തില്‍ തുടര്‍ച്ചയായ മൂന്ന് വാരങ്ങള്‍ പിന്നിട്ടു കഴിഞ്ഞു ചിത്രം. 2021ല്‍ ഏറ്റവുമധികം റേറ്റിംഗ് ലഭിച്ച ആക്ഷന്‍, അഡ്വഞ്ചര്‍ ചിത്രങ്ങളുടെ ലിസ്റ്റിലും മിന്നല്‍ മുരളി ഇടംനേടി. പത്ത് ചിത്രങ്ങളുടെ ലിസ്റ്റില്‍ ഒന്‍പതാം സ്ഥാനത്താണ് മുരളി. ഇടിമിന്നല്‍ അടിച്ച് പ്രത്യേക കഴിവ് ലഭിച്ച ജെയ്സണ്‍ കുറുക്കന്‍മൂലയുടെ രക്ഷകനായി മാറുന്നതാണ് മിന്നല്‍ മുരളി എന്ന ചിത്രത്തിലെ പ്രധാന ഇതിവൃത്തം.
