ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ താല്‍ക്കാലിക അധ്യാപകരെയും ഉള്‍പ്പെടുത്തണം


കൊറോണ വ്യാപനം രൂക്ഷമായതിനാല്‍ 21-ാം തീയതി മുതല്‍ വീണ്ടും സ്‌കൂളുകള്‍ അടക്കാന്‍ തീരുമാനിച്ചതോടെ കേരളത്തിലെ ആയിരക്കണക്കിന് താല്‍ക്കാലിക അധ്യാപകരാണ് ആശങ്കയിലായിരിക്കുന്നത്. ദീര്‍ഘകാല അവധിക്ക് ശേഷം സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ അധ്യാപനത്തോടുള്ള താല്‍പര്യം കാരണം പല ജോലികളും ഉപേക്ഷിച്ച് അധ്യാപന ജോലി ഏറ്റെടുത്തവരാണ് പലരും. തിരിച്ച് പഴയ ജോലിയില്‍ പ്രവേശിക്കുകയെന്നത് പ്രയാസമായതിനാല്‍ സ്‌കൂള്‍ അടച്ചിടുന്ന ദിവസങ്ങളില്‍ വേതനം ലഭ്യമാക്കിയില്ലെങ്കില്‍ കുടുംബം പട്ടിണിയാവുന്ന സാഹചര്യമാണുണ്ടാവുക. താല്‍ക്കാലിക അധ്യാപന ജോലിയിലുള്ള ഭൂരിഭാഗം പേരും പി എസ് സി റാങ്ക് ലിസ്റ്റിലുള്ളവരും രണ്ട് വര്‍ഷമായി ഫിക്‌സേഷന്‍ നടക്കാത്തതിനാല്‍ നിയമനം ലഭിക്കാത്തവരുമാണ്. അടച്ചിടുന്ന ദിവസങ്ങളില്‍ ഓണ്‍ലൈന്‍ പഠന പ്രവര്‍ത്തനങ്ങളില്‍ താല്‍ക്കാലിക അധ്യാപകരെയും പങ്കാളികളാക്കണമെന്നും വേതനം ലഭ്യമാക്കണമെന്നും താല്‍ക്കാലിക അധ്യാപക കൂട്ടായ്മയുടെ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.


