ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ അപ്പീല്‍ സാധ്യത തേടി പൊലീസ്

കോട്ടയം: ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ അപ്പീല്‍ സാധ്യത തേടി പൊലീസ്. ഇതുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറോട് പൊലീസ് നിയമോപദേശം തേടി. അപ്പീല്‍ നടപടി ഉടന്‍ തുടങ്ങുമെന്ന് കോട്ടയം എസ് പി. ഡി ശില്‍പ പറഞ്ഞു. നിയമോപദേശം ലഭിച്ചാല്‍ ഡി ജി പി മുഖേന സര്‍ക്കാരിന് കത്ത് നല്‍കുമെന്നും എസ് പി. ഡി ശില്‍പ വ്യക്തമാക്കി.

READ ALSO: ബിഷപ്പിനെ പിന്തുണച്ചവര്‍ക്ക് നന്ദി പറഞ്ഞ് ജലന്തര്‍ രൂപത

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഇന്നലെ രാവിലെയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ചത്. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി ഗോപകുമാറാണ് വിധി പ്രസ്താവിച്ചത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടു എന്ന ഒറ്റവാക്കിലായിരുന്നു കോടതിയുടെ വിധിപ്രസ്താവം. പുഞ്ചിരിച്ച മുഖത്തോടെയാണ് ബിഷപ്പ് കോടതി മുറിയില്‍ നിന്നും പുറത്തേക്കു വന്നത്. ദൈവത്തിനു സ്തുതിയെന്നായിരുന്നു വിധിപ്രസ്താവം കേട്ടയുടന്‍ ഫ്രാങ്കോയുടെ പ്രതികരണം.
