തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വാര്‍ഷിക പരിപാടിക്ക് പാലിയേറ്റീവ് കുടുംബ സംഗമത്തോടെ തുടക്കം

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് കരുതലിന്റെയും മാറ്റത്തിന്റെയും ഒരാണ്ട് എന്ന സന്ദേശം ഉയര്‍ത്തി പിടിച്ച് നടത്തുന്ന ഒന്നാം വാര്‍ഷിക പരിപാടിക്ക് പാലിയേറ്റിവ് കുടുംബ സംഗമത്തോടെ തുടക്കം കുറിച്ചു. ഗ്രാമ പഞ്ചായത്തിലെ 360ല്‍ പരം വരുന്ന പാലിയേറ്റിവ് കുടുംബങ്ങളെ 30 പേരടങ്ങുന്ന ചെറുസംഘങ്ങളാക്കി സമയം ഷെഡ്യൂള്‍ ചെയ്താണ് പരിപാടി നടത്തിയത്. പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു. കുടുംബ സംഗമത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികള്‍ നടന്നു. സംഗമത്തില്‍ പങ്കെടുത്തവര്‍ക്ക് ഗ്രാമ പഞ്ചായത്ത് കനിവ് പദ്ധതിയുടെ സ്‌നേഹവിരുന്നും ഉപഹാരങ്ങളും നല്‍കി.

വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാന്‍ അദ്ധ്യക്ഷത വഹിച്ചു. കെ പി എ എസി നാടക നടന്‍ വിത്സന്‍ പറയന്‍കുഴി മുഖ്യാതിഥിയായിരുന്നു. സ്ഥിരം സമിതി അധ്യക്ഷരായ ലിസി മാളിയേക്കല്‍, രാമചന്ദ്രന്‍ കരിമ്പില്‍ , റംല പോലക്കല്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. നിഖില, അസി. സെക്രട്ടറി എ മനോജ്, സല്‍മത്ത് കുളത്താറ്റില്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുനീര്‍ എം, സിസ്റ്റര്‍ ലിസി, ജനപ്രതിനിധികള്‍, കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഗ്രാമ പഞ്ചായത്തിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ലോഗോ ചടങ്ങില്‍ വെച്ച് പ്രകാശനം ചെയ്തു. ജനുവരി 15 പാലിയേറ്റിവ് ദിനത്തില്‍ തുടങ്ങി ഫെബ്രുവരി 19 പഞ്ചായത്ത് രാജ് ദിനത്തില്‍ സമാപിക്കുന്ന പരിപാടിയുടെ ഭാഗമായി 36 ഇന പരിപാടികള്‍ നടക്കും.
