വാവാട് പട്ടാപകല്‍ ആളില്ലാത്ത വീട്ടില്‍ മോഷണം

വാവാട്: പട്ടാപകല്‍ ആളില്ലാത്ത വീട്ടില്‍ മോഷണം. പേക്കണ്ടിയില്‍കെ സി സിദ്ധിഖിന്റെ വീട്ടിലാണ് മോഷണം നടന്നത്. രണ്ടര പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണാഭരണങ്ങളും അന്‍പതിനായിരം രൂപയുമാണ് മോഷ്ടാവ് അപഹരിച്ചത്. വ്യാഴാഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവം. രാവിലെ പതിനൊന്നരയോടെ സിദ്ധിഖിന്റെ സഹോദരന്റെ വീട്ടില്‍ വിവാഹ ചടങ്ങിനായി വീട്ടുകാര്‍ വീട് പൂട്ടി ഇറങ്ങിയിരുന്നു. വൈകീട്ട് തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്.

വീടിന്റെ പിന്‍വശത്തെ അടക്കള വാതില്‍ താക്കോല്‍ കൊണ്ട് തുറന്നാണ് മോഷ്ടാക്കള്‍ വീടിനകത്ത് കയറിയത്. കിടപ്പ് മുറിയിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണ്ണാഭരണങ്ങളും പണവുമാണ് മോഷ്ടാക്കള്‍ അപഹരിച്ചത്. അലമാരയിലെ വസ്തുക്കളെല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. വീടിനകത്താകെ മുളക് പൊടി വിതറുകയും ചെയ്തിട്ടുണ്ട്. കൊടുവള്ളി പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ഡോഗ് സ്‌ക്വാഡും ഫിങ്കര്‍ പ്രിന്റ് എക്‌സ്‌പേര്‍ട്ട് രഞ്ജിത്ത്, ജിജീഷ് പ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

