താമരശ്ശേരി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ബിരിയാണി ചലഞ്ചിന് നാട് കൈ കോര്‍ക്കുന്നു

താമരശ്ശേരി: ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഭൗതിക സൗകര്യങ്ങളൊരുക്കാന്‍ നടത്തുന്ന ബിരിയാണി ചലഞ്ചിന് നാട് കൈ കോര്‍ക്കുന്നു. 10 ലക്ഷം രൂപ സമാഹരിക്കാനായി പ്രഖ്യാപിച്ച ബിരിയാണി ചലഞ്ചിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചൊവ്വാഴ്ച നടക്കുന്ന പരിപാടി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും.

പൊതു വിദ്യാലയത്തിന് സൗകര്യങ്ങള്‍ ഒരുക്കാന്‍ പി ടി എ പ്രഖ്യാപിച്ച ബിരിയാണി ചലഞ്ച് താമരശ്ശേരിയിലെ പൊതു സമൂഹം ഏറ്റെടുത്ത് കഴിഞ്ഞു. താമരശ്ശേരി കോരങ്ങാട് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പി ടി എ യും എസ് എം സിയുമാണ് ജനകീയ പങ്കാളിത്തത്തോടെ ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നത്. വിദ്യാര്‍ഥികളുടെ യാത്രാ പ്രശ്നം പരിഹരിക്കുന്നതിന് ബസ്സ് വാങ്ങല്‍, പ്രഭാത ഭക്ഷണം, കായിക ശേഷി വികസനത്തിനുള്ള പദ്ധതികള്‍, കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ വികാസം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിനായാണ് ബിരിയാണി വെച്ചു വിളമ്പുന്നത്.

അധ്യാപകരും വിദ്യാര്‍ത്ഥികളും പൂര്‍വ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ ദിവസങ്ങളായി ബിരിയാണി ചലഞ്ചിന്റെ പ്രവര്‍ത്തനത്തിലാണ്. ബിരിയാണിക്കുള്ള വിഭവങ്ങള്‍ ഇതിനകം ലഭിച്ചു കഴിഞ്ഞു. പതിനായിരത്തോളം ബിരിയാണിക്കുള്ള ഓര്‍ഡറും ലഭിച്ചു. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ബിരിയാണി വിതരണം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും. പരിപാടി വിളിച്ചറിയിച്ച് ജനപ്രതിനിധികളുടെയും പി ടി എ യുടേയും നേതൃത്വത്തില്‍ കോരങ്ങാട്ട് വിളംബര റാലി നടത്തി.
