താമരശ്ശേരി ഗവ. യു പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ കിടപ്പു രോഗികള്‍ക്കായി ധന സമാഹരണം നടത്തി

താമരശ്ശേരി: കിടപ്പു രോഗികള്‍ക്ക് ആശ്വാസമേകാന്‍ താമരശ്ശേരി ഗവ. യു പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങി. അധ്യാപകര്‍ക്കൊപ്പം വ്യാപാര സ്ഥാപനങ്ങള്‍ കയറിയിറങ്ങി പാലിയേറ്റീവ് രോഗികള്‍ക്കായി ധന സമാഹരണം നടത്തി. സഹജീവികളെ സഹായിക്കാനുള്ള മനസ്സ് വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തിയെടുക്കുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചത്.

പ്രാധിക്യവും രോഗങ്ങളും കാരണം കിടപ്പിലായവര്‍ക്ക് സാന്ത്വനമേകുന്നതിനും അവരെ ചേര്‍ത്ത് പിടിക്കുന്നതിനും വിദ്യാര്‍തഥികളില്‍ അവബോധം വളര്‍ത്തുന്നതിനായി വേറിട്ട പ്രവര്‍ത്തനമാണ് താമരശ്ശേരി ഗവ. യു പി സ്‌കൂളില്‍ സംഘടിപ്പിച്ചത്. പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി ബോധവല്‍ക്കരണ ക്ലാസും സംശയ നിവാരണത്തിനൊള്ള അവസരവും ഒരുക്കി. തുടര്‍ന്ന് അധ്യാപകര്‍ക്കൊപ്പം വിദ്യാര്‍ത്ഥികള്‍ താമരശ്ശേരി ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും എത്തി കിടപ്പ് രോഗികള്‍ക്കായി ധന സമാഹരണം നടത്തി. കിടപ്പു രോഗികളുടെ പ്രയാസം അകറ്റാന്‍ സമൂഹം ബാധ്യസ്ഥരാണെന്ന സന്ദേശം വിദ്യാര്‍ത്ഥികളിലേക്ക് പകര്‍ന്നു നല്‍കാനാണ് അധ്യാപകരുടെ ശ്രമം.

കുഞ്ഞു കൈകളില്‍ സംഭാവന പെട്ടിയുമായി എത്തിയ വിദ്യാര്‍ത്ഥികളെ വ്യാപാരികളും പ്രോത്സാഹിപ്പിച്ചു. അധ്യാപകരും വിദ്യാര്‍ത്ഥികളും അവരുടെ വിഹിതം സംഭാവനയായി നല്‍കി. റിട്ടയേഡ് എക്സൈസ് ഇന്‍സ്പെക്ടര്‍ ടി ടി ഉദയകുമാര്‍ ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്‍കി. പ്രധാന അധ്യാപകന്‍ കെ വേണു, പി ടി എ പ്രസിഡന്റ് മഹേന്ദ്രന്‍, എസ് എം സി ചെയര്‍മാന്‍ സുല്‍ഫീക്കര്‍, സീനിയര്‍ അസിസ്റ്റന്റ് റജി തോമസ്, അധ്യാപകരായ സജിമോന്‍ സ്‌കറിയ, അബ്ദുറഹിമാന്‍, സവാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വിദ്യാര്‍ത്ഥികള്‍ ശേഖരിച്ച പണം താമരശ്ശേരി പെയിന്‍ ആന്റ് പാലിയേറ്റീവിന് കൈമാറി.
