വിഴിഞ്ഞത്ത് 14കാരികൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളാണ് ശാന്തകുമാരി വധക്കേസിലെ പ്രതികളായ അമ്മയും മകനുമെന്ന് പോലീസ്

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഒരു വര്‍ഷം മുന്‍പ് നടന്ന പതിനാലുകാരിയുടെ മരണത്തില്‍ വഴിത്തിരിവ്. അയല്‍വാസിയായ വയോധികയെ കൊലപ്പെടുത്തി മൃതദേഹം തട്ടിന്‍പ്പുറത്ത് ഒളിപ്പിച്ച കേസിലെ പ്രതികളായ റഫീക്കയും മകന്‍ ഷെഫീക്കുമാണ് ഈ കൊലപാതകവും നടത്തിയതെന്ന് പോലീസ്. മകന്‍ ഷെഫീക്ക് പെണ്‍കുട്ടിയ പീഡിപ്പിച്ച വിവരം പുറത്തുവരാതിരിക്കാനായിരുന്നു കൊലപാതകം. പ്രതികളായ റഫീക്ക ബീവിയും ഷെഫീക്കും ചോദ്യം ചെയ്യലില്‍ ഇക്കാര്യങ്ങള്‍ സമ്മതിച്ചു. ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

കഴിഞ്ഞ ദിവസം ശാന്തകുമാരിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച അതേ ചുറ്റിക കൊണ്ടാണ് ഒരു വര്‍ഷം മുന്‍പ് പെണ്‍കുട്ടിയുടെ തലക്ക് അടിച്ച് കൊലപ്പെടുത്തിയതെന്നും റഫീഖ പോലീസിനോട് പറഞ്ഞു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള വാടക വീട്ടില്‍ റഫീഖ ബീവിയും മകനും രണ്ടു വര്‍ഷത്തോളം താമസിച്ചിരുന്നു. കഴിഞ്ഞ ജനുവരി 13നാണ് പെണ്‍കുട്ടിയെ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടി പിന്നീട് മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 30ല്‍ അധികം പേരെ അന്ന് പോലീസ് ചോദ്യം ചെയ്തിരുന്നു. പക്ഷെ കേസില്‍ തുമ്പൊന്നും ലഭിച്ചിരുന്നില്ല.

മരിക്കുന്നതിന് തലേന്ന് രാത്രിയില്‍ കുട്ടി ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുത്തിരുന്നതായും അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. കൂടാതെ അന്ന് തന്നെ കുട്ടി സമീപവീടുകളില്‍ ചെന്നിരുന്നതായി പ്രദേശവാസികളും മൊഴി നല്‍കിയിരുന്നു. ഇതിനിടയില്‍ ഇവിടെ നിന്നും റഫീഖാ ബീവിയും മകനും വീട് മാറി പോവുകയായിരുന്നു.
ഇന്നലെയാണ് അയല്‍വാസിയായ വയോധികയെ കൊലപ്പെടുത്തിയ കേസില്‍ റഫീക്കയെയും മകനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. പറയുന്ന പല കാര്യങ്ങളിലും വൈരുദ്ധ്യം തോന്നിയതോടെ പൊലീസ് വിശദമായി ചോദ്യം ചെയ്യുന്നതിനിടയിലാണ് മറ്റൊരു കൊലപാതകത്തിന്റെ കഥ പുറത്തറിയുന്നത്. ഒരു വര്‍ഷം മുന്‍പ് മുല്ലൂരില്‍ മരിച്ച പെണ്‍കുട്ടിയുടെ കൊലപാതകവുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് ആദ്യം സൂചന ലഭിച്ചു. തുടരന്വേഷണത്തിലാണ് സംഘത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.
