20 സാക്ഷികളുടെ കൂറു മറ്റം ദിലീപിന്റെ അറിവോടെ

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപടക്കം ആറ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ എതിര്‍ത്ത് പ്രോസിക്യൂഷന്‍. ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് സൂരജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, പിന്നെ ‘വി ഐ പി’ എന്ന് വിളിക്കപ്പെട്ട ആറാമന്‍ ശരത് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ക്കുന്നത്. ഇത് അസാധാരണമായ കേസാണെന്നും, ലൈംഗികപീഡനത്തിന് ക്രിമിനലുകള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയത് നീതിന്യായവ്യവസ്ഥയുടെ ചരിത്രത്തില്‍ത്തന്നെ ആദ്യമാണെന്നും, സമൂഹത്തില്‍ വലിയ സ്വാധീനമുള്ള ദിലീപിന് മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് കേസിനെത്തന്നെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. സത്യം പുറത്തുവരാന്‍ ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നു.

ക്രിമിനല്‍ കേസിലെ പ്രതി അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നത് കേട്ടുകേള്‍വിയില്ലാത്തതാണെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്നു. കേസിലെ മുഖ്യസൂത്രധാരന്‍ ദിലീപ് തന്നെയാണെന്നാണ് പ്രോസിക്യൂഷന്‍ വാദിക്കുന്നത്. കേസില്‍ ഇതുവരെ 20 സാക്ഷികളാണ് കൂറുമാറിയത്. ഇതെല്ലാം ദിലീപിന്റെ സ്വാധീനത്തോടെയാണ്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും കൂട്ടുപ്രതികളും ഗൂഢാലോചന നടത്തിയത് സംബന്ധിച്ച് വിശദമായ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. നിരവധി തെളിവുകളും ഇതുവരെ ശേഖരിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്നു. നടിയെ ആക്രമിച്ച കേസില്‍ പ്രതിയായത് മുതല്‍ നിയമത്തിന്റെ പിടിയില്‍ നിന്ന് വഴുതിമാറാനുള്ള സകല നീക്കങ്ങളും ദിലീപ് നടത്തുകയാണെന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്നു. ഗൂഢാലോചനക്കേസ് ഗുരുതരസ്വഭാവമുള്ളതാണ്. ബാലചന്ദ്രകുമാര്‍ കൈമാറിയ ശബ്ദസാമ്പിളുകളും പ്രതികളുടെ ശബ്ദവും ഫൊറന്‍സിക് പരിശോധന നടത്തണമെന്നും പറയുന്നു.

