സ്വന്തമായി വീടില്ലാത്ത കുടുംബത്തിന് താങ്ങായി താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫീസ് അധികൃതര്‍

താമരശ്ശേരി: സ്വന്തമായി വീടോ ഭൂമിയോ ഇല്ലാത്ത കുടുംബത്തിന് അപേക്ഷിച്ച് മണിക്കൂറുകള്‍ക്കകം താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫീസ് അധികൃതര്‍ റേഷന്‍ കാര്‍ഡ് വീട്ടിലെത്തിച്ചു കൊടുത്തു. കോടഞ്ചേരി മൈക്കാവ് പീച്ചാംപാറയില്‍ താമസിക്കുന്ന വെള്ളാറകുന്നുമ്മല്‍ ശിവദാസനും കുടുംബത്തിനുമാണ് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ഇടപെടലിനെ തുടര്‍ന്ന് റേഷന്‍ കാര്‍ഡ് ലഭിച്ചത്. ശിവദാസന്‍ ഏഴ് വര്‍ഷത്തോളമായി അപൂര്‍വ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുകയാണ്. ശരീരത്തിലാകെ വൃണങ്ങള്‍ വന്നതിനാല്‍ രാത്രിയില്‍ കിടന്നുറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. മറ്റൊരാളുടെ കാരുണ്യത്തിലാണ് ചെറിയൊരു വീട്ടില്‍ ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബം കഴിയുന്നത്. ഈ കുടുംബത്തിന് നിത്യവൃത്തിക്ക് പോലും പോകാന്‍ കഴിയാത്ത അവസ്ഥയാണ്. റേഷന്‍ കാര്‍ഡില്ലാത്തതിനാല്‍ ചികിത്സാ ആനുകൂല്യങ്ങള്‍ പോലും ലഭിച്ചിരുന്നില്ല എന്ന് കുടുംബം പറയുന്നു.

വിവരം അറിഞ്ഞ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി പാരാലീഗല്‍ വളണ്ടിയര്‍ സലീന ഇവരുടെ വീട് സന്ദര്‍ശിക്കുകയും അതോറിറ്റി സെക്രട്ടറിയായ ബസ് ജഡ്ജിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ക്ക് റേഷന്‍ കാര്‍ഡ് ലഭ്യമാക്കാന്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി ഷൈജല്‍ ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കുകയുമായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് അക്ഷയ കേന്ദ്രം വഴി അപേക്ഷ സമര്‍പ്പിക്കുകയും ഇന്നലെ രാവിലെ താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് പി പി വിനോദ്, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ എം ബി ദിനേഷ്, എ അബ്ദുസ്സമദ്, പി കെ ശോഭന, ഡ്രൈവര്‍ സുരേഷ് എന്നിവരടങ്ങിയ സംഘം വീട്ടിലെത്തി റേഷന്‍ കാര്‍ഡ് കുടുംബത്തിന് കൈമാറുകയും ചെയ്തു. റേഷന്‍ കാര്‍ഡിന് അപേക്ഷ നല്‍കാനുള്ള രേഖകള്‍ക്കായി പലപ്പോഴും ഗ്രാമപഞ്ചായത്ത് ഓഫീസില്‍ പോയിരുന്നുവെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് മടക്കി അയച്ചിരുന്നുവെന്നും ജനപ്രതിനിധികള്‍ പലപ്പോഴും ഉറപ്പ് നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ശിവദാസനും ഭാര്യ മേരിയും പറയുന്നു.

