NAATTUVAARTHA

NEWS PORTAL

തേഞ്ഞിപ്പലത്ത് പോക്‌സോ കേസിലെ ഇരയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

തേഞ്ഞിപ്പലം:  മലപ്പുറം തേഞ്ഞിപ്പലത്ത് പോക്‌സോ കേസിലെ ഇര തൂങ്ങി മരിച്ച നിലയില്‍. ഇന്ന് രാവിലെയാണ് തേഞ്ഞിപ്പലത്തെ വാടകവീട്ടില്‍ പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് രാമനാട്ടുകര സ്വദേശിയാണ് പെണ്‍കുട്ടി. മലപ്പുറം കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലും, കോഴിക്കോട് ഫറോക്ക് പൊലീസ് സ്റ്റേഷനിലും കൂട്ടബലാത്സംഗം ഉള്‍പ്പടെ മൂന്ന് പോക്‌സോ കേസുകളിലെ ഇരയാണ് മരിച്ച പെണ്‍കുട്ടി.

തേഞ്ഞിപ്പലത്തെ വാടകവീട്ടില്‍ അമ്മയോടും സഹോദരനോടുമൊപ്പമാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. ഇളയ സഹോദരനെ സ്‌കൂളിലേക്ക് കൊണ്ടുപോയ സമയത്താണ് കുട്ടി തൂങ്ങി മരിച്ചതെന്നാണ് അമ്മ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. തിരികെ വീട്ടില്‍ വന്ന ശേഷം പല തവണ പെണ്‍കുട്ടിയെ പ്രാതല്‍ കഴിക്കാനായി വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. പിന്നീട് പെണ്‍കുട്ടിയുടെ ഫോണിലേക്ക് വിളിച്ച് നോക്കിയെങ്കിലും ഫോണും എടുത്തില്ല. തുടര്‍ന്ന് വാതിലിന് മുകളിലുള്ള കിളിവാതിലിലൂടെ കര്‍ട്ടന്‍ മാറ്റി നോക്കിയപ്പോഴാണ് പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് അമ്മ പറയുന്നു.

ഉടനെ അയല്‍പക്കക്കാരെ വിളിക്കുകയും വാതില്‍ ചവിട്ടിത്തുറന്ന് അകത്ത് കയറി തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും പെണ്‍കുട്ടി മരിച്ചിരുന്നു. അവിടെ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ തേഞ്ഞിപ്പലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുടുംബാംഗങ്ങളുടെ മൊഴി വിശദമായി രേഖപ്പെടുത്തും. വിശദമായ അന്വേഷണം തന്നെ പെണ്‍കുട്ടിയുടെ മരണത്തെ സംബന്ധിച്ച് ഉണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!