പോക്സോ കേസിലെ പ്രതിയെ ഇരയുടെ പിതാവ് വെടിവെച്ചുകൊന്നു

ലക്‌നൗ: പോക്സോ കേസിലെ പ്രതിയെ ഇരയായ പെണ്‍കുട്ടിയുടെ പിതാവ് വെടിവെച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ കളക്ട്രേറ്റിനു സമീപത്തെ കോടതി പരിസരത്തുവെച്ച് നടന്ന സംഭവത്തില്‍ പ്രതിയായ ദില്‍ഷാദ് ഹുസൈനെയാണ് പെണ്‍കുട്ടിയുടെ പിതാവ് വെടിവെച്ചു കൊന്നത്. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. കേസിനാസ്പദമായ സംഭവം നടന്നത് 2020 ഫെബ്രുവരിയിലാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ദില്‍ഷാദ് തട്ടിക്കൊണ്ടു പോയതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് മാര്‍ച്ച് 12ന് ഹൈദരാബാദില്‍ നിന്ന് പ്രതിയെ പിടികൂടി.

പിന്നീട് ജാമ്യം ലഭിച്ച ദില്‍ഷാദ് ഹുസൈന്‍ കഴിഞ്ഞ ദിവസം കേസിന്റെ വിചാരണയ്ക്കായികോടതിയില്‍ എത്തിയിരുന്നു. കോടതി ഗേറ്റിനു പുറത്തു പ്രതിയെ കണ്ട പെണ്‍കുട്ടിയുടെ പിതാവ് ഇയാള്‍ക്കു നേരെ വെടിവെയ്ക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് പ്രതിയുടെ ബന്ധുക്കളും ഇരയായ പെണ്‍കുട്ടിയുടെ ബന്ധുക്കളുമായി സംഘര്‍ഷം ഉണ്ടായതായും പോലീസ് പറഞ്ഞു.

