Naattuvaartha

News Portal Breaking News kerala, kozhikkode,

ദിലീപിനെ അടുത്ത രണ്ട് ദിവസം ചോദ്യം ചെയ്യാന്‍ കോടതിയുടെ അനുമതി

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദിലീപിനെ നാളെയും മറ്റന്നാളും ചോദ്യം ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്. ഇടക്കാല ഉത്തരവിലാണ് ഹൈക്കോടതിയിലെ ജസ്റ്റിസ് പി ഗോപിനാഥ് ചോദ്യം ചെയ്യാമെന്ന് വ്യക്തമാക്കിയത്. പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരാകണമെന്നും ചോദ്യം ചെയ്യലിന് ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. ഗൂഢാലോചന കേസില്‍ ആവശ്യമെങ്കില്‍ ദിവസവും രാവിലെ അഞ്ചോ ആറോ മണിക്കൂറോ ചോദ്യം ചെയ്യലിന് ഹാജാരാകാന്‍ തയാറാണെന്ന് ദിലീപ് കോടതിയെ അറിയിച്ചു. ജാമ്യത്തിനുള്ള ഉപാധിയായിട്ടാണ് ഇക്കാര്യം മുന്നോട്ടു വച്ചത്. ഗൂഢാലോചന അന്വോഷിക്കുന്നതിന് തടസം നില്‍ക്കില്ല എന്ന് ഹൈക്കോടതി വ്യക്തമാക്കി. ഈ മാസം 27 വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു. 27-ന് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ ഹാജരാക്കണമെന്നും പ്രോസിക്യൂഷനോട് ഹൈക്കോടതി നിര്‍ദേശിച്ചു.

ജാമ്യ ഹര്‍ജികള്‍ ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. ഞായര്‍ തിങ്കള്‍ ദിവസങ്ങളില്‍ ദിലീപ് ചോദ്യം ചെയ്യലിന് ഹാജരാകണം. രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെ ചോദ്യം ചെയ്യാന്‍. ദിലീപ് ഉള്‍പ്പടെ 6 പ്രതികളും അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണം. ഇന്നലെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച കോടതി കേസില്‍ വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇതെത്തുടര്‍ന്നാണ് അവധി ദിനമായിട്ടും ഇന്ന് പ്രത്യേക സിറ്റിംഗിന് തീരുമാനിച്ചത്. കോടതിയില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും ദിലീപിനെതിരെ വീഡിയോകള്‍ ഉണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ദിലീപിനെയടക്കം കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ട് എന്ന് ആവര്‍ത്തിക്കുകയാണ് പ്രോസിക്യൂഷന്‍. ദിലീപാണ് ഗൂഢാലോചനയുടെ സൂത്രധാരനെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

ദിലീപിന് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. ‘ഒരു ദിവസം ചോദ്യം ചെയ്ത് വിട്ടയച്ചാല്‍ പ്രതികള്‍ ഒത്തുചേരും. പിന്നീട് കോടതിയില്‍എന്ത് പറയണമെന്ന് ആലോചിച്ച് പ്ലാന്‍ ചെയ്യും’, അറസ്റ്റ് ചെയ്താലും മാനസികമായോ ശാരീരികമായോ ദിലീപിനെ ഉപദ്രവിക്കില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. അഞ്ച് ദിവസം എങ്കിലും കസ്റ്റഡിയില്‍ വേണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രതി, വാദി ഭാഗങ്ങളുടെ വാദം വിശദമായി പരിശോധിച്ച ശേഷം, പ്രതിക്ക് ഇടക്കാല മുന്‍കൂര്‍ ജാമ്യം നല്‍കാമെന്നാണ് കോടതി തീരുമാനിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നത് അസാധാരണ സാഹചര്യമാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാവനയില്‍ മെനഞ്ഞ കാര്യങ്ങളാണ് പുതിയ വെളിപ്പെടുത്തലിന് പിന്നിലെന്നും തനിക്കെതിരെ ചുമത്തിയത് കള്ളക്കേസാണെന്നുമാണ് ദിലീപിന്റെ വാദം.

‘അസ്വസ്ഥപ്പെടുത്തുന്ന തെളിവുകള്‍’

ദിലീപിനെതിരെ അസ്വസ്ഥതപ്പെടുത്തുന്ന ചില തെളിവുകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയവയില്‍ ഉണ്ടെന്ന് ഹൈക്കോടതി ഉച്ച തിരിഞ്ഞ് സിറ്റിംഗ് തുടങ്ങിയപ്പോള്‍ പറഞ്ഞിരുന്നു. ഈ തെളിവുകള്‍ പരിശോധിച്ചാല്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും കുറ്റകൃത്യത്തിന് പ്രേരണയുണ്ടെന്നും സൂചനയുണ്ട് എന്നും കോടതി വ്യക്തമാക്കി. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഹാജരാക്കിയ പ്രധാനപ്പെട്ട തെളിവുകള്‍ പരിശോധിച്ചതില്‍ നിന്ന് അതില്‍ ചില ഗുരുതരസ്വഭാവമുള്ള ചില തെളിവുകളുണ്ട് എന്ന് കോടതി വ്യക്തമാക്കുന്നു. അത് പ്രധാനപ്പെട്ടതാണ്. അന്വേഷണം തടയാനാകില്ലെന്നും, അന്വേഷണം സുഗമമായി, സംരക്ഷിക്കപ്പെട്ട് മുന്നോട്ട് പോകേണ്ടത് അത്യാവശ്യം ആണ് – കോടതി നിരീക്ഷിക്കുന്നു.

എതിരായി കോടതിയുടെ പരാമര്‍ശം വന്നോടെ അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കാമെന്ന് ദിലീപിന്റെ അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞു. വികാരപരമായി കേസ് വാദിച്ചിട്ട് കാര്യമില്ല. തെളിവുകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കണമെന്നും അവരാവശ്യപ്പെട്ടു. രാവിലെ മുന്‍കൂര്‍ ജാമ്യം കിട്ടിയേ തീരൂ എന്ന് വാദിച്ചിരുന്ന ദിലീപിന്റെ അഭിഭാഷകര്‍ പിന്നീട് അന്വേഷണത്തിനോട് സഹകരിക്കാമെന്ന നിലപാടാണ് സ്വീകരിച്ചത്. ദിവസവും അഞ്ചോ ആറോ മണിക്കൂര്‍ അന്വേഷണവുമായി സഹകരിക്കാം. രാവിലെ എട്ട് മണിക്ക് സ്റ്റേഷനിലെത്തി, വൈകിട്ട് 6 മണി വരെ അന്വേഷണവുമായി സഹകരിക്കാം. മുന്‍കൂര്‍ ജാമ്യം നല്‍കണം. ഏതെങ്കിലും തരത്തില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയോ ജാമ്യവ്യവസ്ഥ ലംഘിക്കുകയോ ചെയ്താല്‍ ഹൈക്കോടതിക്ക് തന്റെ ജാമ്യം റദ്ദാക്കാമെന്നും ദിലീപ് കോടതിയില്‍ അറിയിക്കുന്നു. എഫ്‌ഐആറിലെ ബാലചന്ദ്രകുമാറിന്റെ പല മൊഴികളും ആദ്യം എടുത്ത മൊഴിയിലില്ല എന്നും ഇത്തരം വൈരുദ്ധ്യങ്ങള്‍ വിശദമായി പരിശോധിക്കണം എന്നുമാണ് ദിലീപിന്റെ അഭിഭാഷകരുടെ വാദം.

‘കൊല്ലുമെന്ന് വാക്കാല്‍ പറഞ്ഞാല്‍ ഗൂഢാലോചന ആകുമോ?’

വെറുതെ ഒരാളെ കൊല്ലുമെന്ന് പറഞ്ഞാല്‍ അത് ഗൂഢാലോചനയാകുമോ രാവിലെ കേസ് പരിഗണിച്ചപ്പോള്‍ എന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. അതിലേക്ക് നയിക്കുന്ന പ്രവൃത്തി എന്തെങ്കിലും ഉണ്ടായാലല്ലേ അതില്‍ കൊലപാതകത്തിനുള്ള ഗൂഢാലോചനയെന്ന കുറ്റം തെളിയിക്കാനാകൂ എന്നും കോടതി ആരാഞ്ഞു. എന്നാല്‍ കൊല്ലുമെന്ന് വാക്കാല്‍ വെറുതെ ദിലീപ് പറഞ്ഞതല്ല, അതിലേക്ക് നയിക്കുന്ന പ്രവൃത്തികള്‍ ചെയ്തിട്ടുണ്ടെന്നും, അതിനുള്ള തെളിവുകള്‍ തങ്ങളുടെ പക്കലുണ്ട് എന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ആലുവയിലെ ‘പത്മസരോവരം’ എന്ന വീട്ടില്‍ വച്ച് അന്വേഷണ ഉദ്യോഗസ്ഥരായ ബി സന്ധ്യ ഐപിഎസ്, ഡിവൈഎസ്പി സോജന്‍, ആലുവ റൂറല്‍ എസ്പി എ വി ജോര്‍ജ് എന്നിവരെ കൊല്ലുമെന്നും കൈ വെട്ടുമെന്നും ദിലീപ് പറയുന്നത് കേട്ടുവെന്നാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്. ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസില്‍ കൂടുതല്‍ അന്വേഷണം തുടങ്ങിയത്. ഇതിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ഗൂഢാലോചന നടത്തി, കൊലപ്പെടുത്താന്‍ ശ്രമം നടത്തി എന്നീ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തി ദിലീപിനെതിരെ കൂടുതല്‍ കേസുകള്‍ ചുമത്തുകയും ചെയ്തു.

ഇന്നലെ ഈ കേസ് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്നിരുന്നതാണ്. എന്നാല്‍ കൂടുതല്‍ സമയമെടുത്ത് വാദം കേള്‍ക്കേണ്ട കേസായതിനാല്‍ ഇതിന് പ്രത്യേക സിറ്റിംഗ് അനുവദിക്കുന്നതായി ജസ്റ്റിസ് ഗോപിനാഥ് വ്യക്തമാക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഇന്ന് രാവിലെ പത്തേകാലിനാണ് കേസില്‍ പ്രത്യേക സിറ്റിംഗ് തുടങ്ങിയത്. നിര്‍ണായകമായ വാദങ്ങളാണ് ഇന്ന് ഹൈക്കോടതിയില്‍ നടന്നത്. ഹൈക്കോടതിയില്‍ നിന്ന് അനുകൂലവിധിയുണ്ടാവുകയും ദിലീപിന്റെ മുന്‍കൂര്‍ ജാമ്യം തള്ളുകയും ചെയ്താല്‍ അറസ്റ്റുള്‍പ്പടെയുള്ള കാര്യങ്ങളിലേക്ക് നീങ്ങുമെന്നുറപ്പായിരുന്നു. നിര്‍ണായകമായ തെളിവുകള്‍ ഗൂഢാലോചന ഉള്‍പ്പടെ ഉള്ള കുറ്റങ്ങള്‍ക്ക് ക്രൈംബ്രാഞ്ചിന് ലഭിച്ചുവെന്നാണ് സൂചന. ‘പത്മസരോവരം’ എന്ന ദിലീപിന്റെ വീട്ടിലും, സഹോദരന്‍ അനൂപിന്റെ വീട്ടിലും, ചിറ്റൂര്‍ റോഡിലുള്ള ‘ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ്’ എന്ന ദിലീപിന്റെയും അനൂപിന്റെയും നിര്‍മാണക്കമ്പനിയിലും അടക്കം നടത്തിയ റെയ്ഡുകളില്‍ നിര്‍ണായകമായ ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചുവെന്നാണ് കൊച്ചി ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘ദിലീപിന് വേണ്ടി പ്രതിഭാഗം പറയുന്നത്’

ദിലീപിന് വേണ്ടി അഡ്വ. ബി രാമന്‍ പിള്ളയാണ് ഹാജരായത്. നേരത്തേ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വേണ്ടി ഹാജരായതും ബി രാമന്‍ പിള്ള അസോസിയേറ്റ്‌സ് ആയിരുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പ്രോസിക്യൂഷന്‍ കെട്ടിയിറക്കിയ സാക്ഷിയാണെന്ന് ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു. വിചാരണക്കോടതിയില്‍ നിന്ന് കേസ് കൈവിട്ട് പോകുമെന്ന് സൂചന കിട്ടിയപ്പോള്‍ ഇല്ലാത്ത സാക്ഷികളെ സൃഷ്ടിച്ച് കേസ് വഴി തിരിച്ച് വിടാനാണ് പ്രോസിക്യൂഷന്‍ ശ്രമിക്കുന്നത്. വിചാരണ അനാവശ്യമായി നീട്ടിക്കൊണ്ട് പോകാനാണ് പ്രോസിക്യൂഷന്‍ ഇപ്പോള്‍ ശ്രമം നടത്തുന്നത്. വിചാരണക്കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥരെ വിസ്തരിക്കാനിരിക്കുകയാണ്. ഇത് എങ്ങനെയെങ്കിലും നീട്ടാനാണ് പ്രോസിക്യൂഷന്‍ ശ്രമമെന്നും ദിലീപിന്റെ അഭിഭാഷകര്‍ ആരോപിച്ചു.

വെറുതെ വാക്കാല്‍ പറഞ്ഞാല്‍ അത് ഗൂഢാലോചനയാകുമോ എന്ന് ചോദിച്ച കോടതിയുടെ പരാമര്‍ശത്തിന്റെ ചുവട് പിടിച്ച്, ശാപവാക്കുകള്‍ പറയുന്നത് ക്രിമിനല്‍ കുറ്റമാകില്ലെന്നാണ് പ്രതിഭാഗം വാദിച്ചത്.ബാലചന്ദ്ര കുമാറിന്റെ മൊഴിയും ഗൂഢാലോചനാ കേസിലെ എഫ്‌ഐആറും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്ന് പ്രതിഭാഗം വാദിച്ചു. മൊഴിയില്‍ പറഞ്ഞ പലതും എഫ്‌ഐആറില്‍ ഇല്ല എന്ന് അഡ്വ. രാമന്‍ പിള്ള ചൂണ്ടിക്കാട്ടി. യൂട്യൂബ് കണ്ട ശേഷം പറഞ്ഞ ശാപവാക്കുകള്‍ എങ്ങനെ കൊലപാതക ഗൂഢാലോചനക്കേസായി മാറും എന്നാണ് ദിലീപിന്റെ അഭിഭാഷകന്‍ ചോദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിന്റെ പുതിയ മൊഴി പ്രകാരം അദ്ദേഹത്തെ ട്രക്ക് ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചു എന്നാണ്. അത് പുതുതായി പ്രോസിക്യൂഷന്‍ വ്യാജമായി ഉണ്ടാക്കിയ ആരോപണമാണെന്നും ദിലീപ് ആരോപിച്ചു. എന്തും പറയാന്‍ തയ്യാറായ സാക്ഷിയാണ് ബാലചന്ദ്രകുമാര്‍. ഇവര്‍ അനുഭവിക്കും എന്ന് പറഞ്ഞത് മാത്രമാണ് ബാലചന്ദ്രകുമാര്‍ നല്‍കിയ വോയ്‌സ് ക്ലിപ്പിലുള്ളത്. ബാക്കിയെല്ലാം ഗൂഢാലോചന, പ്രേരണാ കുറ്റങ്ങള്‍ ചുമത്താനായി കെട്ടിച്ചമച്ചതാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ ആരോപിച്ചു.

‘ദിലീപ് അന്വേഷണം തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നു’

സംവിധായകന്‍ ബാലചന്ദ്രകുമാറിനെ സ്വാധീനിക്കാന്‍ ദിലീപിന്റെ ആളുകള്‍ ശ്രമിച്ചതിന് ഡിജിറ്റല്‍ തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വെളിപ്പെടുത്തി. ഒരാള്‍ സാക്ഷിമൊഴി നല്‍കാന്‍ വരുമ്പോള്‍ പ്രതിഭാഗത്തിന്റെ ആളുകള്‍ പല വഴിക്ക് അവരെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചു. ദിലീപ് അന്വേഷണം തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. വിചാരണക്കോടതിയില്‍ വാദത്തിന് പോലും പ്രതിഭാഗം സമ്മതിക്കുന്നില്ല എന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. അതാണ് പ്രോസിക്യൂട്ടര്‍ മാറാന്‍ ഒരു കാരണം. വിചാരണക്കോടതിയില്‍ പോകാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പോലും ഭയപ്പെടുന്ന സാഹചര്യമെന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്നു. കേസുമായി ബന്ധപ്പെട്ട് എല്ലാ പ്രതികളെയും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെടുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!