തേഞ്ഞിപ്പാലം പോക്‌സോ കേസ്; പെണ്‍കുട്ടിയുടെ പ്രതിശ്രുത വരന്റെ മൊഴി രേഖപ്പെടുത്തി

മലപ്പുറം: തേഞ്ഞിപ്പാലത്ത് പോക്‌സോ കേസിലെ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പെണ്‍കുട്ടിയുടെ പ്രതിശ്രുത വരന്റെ മൊഴി രേഖപ്പെടുത്തി. മരിക്കുന്നതിന് മുമ്പ് ഇരുവരും ഫോണില്‍ സംസാരിച്ചിരുന്നതായി യുവാവ് പൊലീസിന് മൊഴിനല്‍കി. യുവാവിന്റെ മൊബൈല്‍ ഫോണ്‍ പോലീസിന് കൈമാറി. പരസ്പരം പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നുവെന്നും ജോലി തിരക്കിനിടയില്‍ ഫോണ്‍ എടുക്കാന്‍ വൈകിയാല്‍ പെണ്‍കുട്ടി ബഹളംവെക്കാറുണ്ടായിരുന്നും യുവാവ് പറഞ്ഞു.

ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങളാണ് പെണ്‍കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചെതെന്നാണ് പെണ്‍കുട്ടിയുടെ മാതാവിന്റെ മൊഴി. പെണ്‍കുട്ടി ഉപയോഗിച്ചിരുന്ന രണ്ട് ഫോണുകള്‍ സൈബര്‍ സെല്ല് വിശദമായി പരിശോധിച്ച് വരികയാണ്. ഇരുവരുടെയും അവസാന കോള്‍ സംഭാഷണം, വാട്‌സപ്പ് ചാറ്റുകള്‍ എന്നിവയാണ് പരിശോധിക്കും.

2017 ലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. രണ്ടു വര്‍ഷം മുമ്പാണ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്. ബന്ധുക്കളടക്കം ആറു പേരായിരുന്നു കേസിലെ പ്രതികള്‍. ഇതില്‍ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹാലോചന വന്ന സമയത്ത് പെണ്ണു കാണാനെത്തിയ യുവാവിനോടാണ് പെണ്‍കുട്ടി പീഡനവിവരം ആദ്യം വെളിപ്പെടുത്തുന്നത്.
