അതിര്‍ത്തിയില്‍ കാണാതായ 17 കാരനെ കണ്ടെത്തി ചൈന

ന്യൂഡല്‍ഹി: അരുണാചല്‍പ്രദേശ് അതിര്‍ത്തിയില്‍ കാണാതായ 17 കാരനെ കണ്ടെത്തിയതായി ചൈന. കുട്ടിയെ തിരിച്ചയക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കുകയാണെന്നും ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പി എല്‍ എ) ഇന്ത്യന്‍ സൈന്യത്തെ അറിയിച്ചു. അരുണാചല്‍ പ്രദേശില്‍ നിന്ന് കാണാതായ 17 കാരനെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കാനുള്ള നടപടികള്‍ തുടങ്ങിയെന്ന് ചൈനീസ് സൈന്യം അറിയിച്ചതായി ലെഫ്റ്റനന്റ് കേണല്‍ ഹര്‍ഷവര്‍ദ്ധന്‍ പാണ്ഡെ വ്യക്തമാക്കി.

അരുണാചല്‍ പ്രദേശിലെ അപ്പര്‍ സിയാങ് ജില്ലയിലെ സിഡോ ഗ്രാമവാസിയാണ് കൗമാരക്കാരന്‍ എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഈ ആഴ്ച ആദ്യം പി എല്‍ എ കുട്ടിയെ തട്ടിക്കൊണ്ടുപോയതായി ആരോപണം ഉയര്‍ന്നിരുന്നു. സംഭവം നടക്കുമ്പോള്‍ ഈ 17 കാരനും മറ്റു ചിലരും ചേര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി പ്രദേശത്ത് മൃഗങ്ങളെ വേട്ടയാടുകയായിരുന്നെന്നും ജില്ലാ അധികൃതര്‍ പറഞ്ഞു.

