കൊവിഡ് പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ ആരോപണവുമായി രമേശ് ചെന്നിത്തല

ആലപ്പുഴ: കൊവിഡ് പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ ആരോപണവുമായി രമേശ് ചെന്നിത്തല എം എല്‍ എ. കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്നും ജനങ്ങളെ രോഗത്തിനും വിധിക്കും വിട്ടുകൊടുത്തിരിക്കുകയാണെന്നും രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

മന്ത്രിമാരില്‍ മിക്കവരും സെക്രട്ടറിയേറ്റിലെ ഓഫീസില്‍ എത്തിയിട്ട് ആഴ്ചകളായി. പാര്‍ട്ടി സമ്മേളനങ്ങളുടെ തിരക്കിലാണവര്‍. സംസ്ഥാനത്ത് ഓണ്‍ലൈന്‍ ഭരണം മാത്രമാണ് നടക്കുന്നത്. മുഖ്യമന്ത്രി ചികിത്സയ്ക്ക് പോകുന്നതിന് മുന്‍പ് തന്നെ മന്ത്രാസഭായോഗങ്ങള്‍ ഓണ്‍ലൈനിലായിരുന്നു നടന്നിരുന്നത്. കഴിഞ്ഞ ദിവസം മന്ത്രിസഭായോഗം ചേര്‍ന്നത് 15 മിനിറ്റ് മാത്രമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

കൊവിഡ് രൂക്ഷമായിട്ടും സര്‍ക്കാര്‍ സംവിധാനങ്ങളൊന്നും ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ല. ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. ജനങ്ങളെ വിധിക്കും രോഗത്തിനും സര്‍ക്കാര്‍ വിട്ടുകൊടുത്തിരിക്കുകയാണ്. കൊവിഡ് രൂക്ഷമാകുമെന്ന ഐസിഎംആറിന്റെ മുന്നറിയിപ്പും നിര്‍ദ്ദേശങ്ങളും അവഗണിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ചില കോളജുകള്‍ കേന്ദ്രീകരിച്ച് കൊവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടും സ്ഥാപനങ്ങള്‍ അടയ്ക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. കോളജുകളിലെ യൂണിയന്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ അടക്കാതിരുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു
