ബാലചന്ദ്രകുമാര്‍ ഭീഷണിപ്പെടുത്തി പലപ്പോഴായി പണം വാങ്ങിയെന്ന് ദിലീപ്

കൊച്ചി: സംവിധായകന്‍ ബാലചന്ദ്രകുമാര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് നടന്‍ ദിലീപ്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ആരോപണം. ബാലചന്ദ്രകുമാര്‍ പലപ്പോഴായി പത്ത് ലക്ഷം രൂപ കൈപ്പറ്റിയെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിനായി നെയ്യാറ്റിന്‍കര ബിഷപ്പിനെ ഇടപെടുത്തിയെന്നും പ്രതിഫലമായി എന്തെങ്കിലും കൊടുക്കണമെന്നും പറഞ്ഞാണ് പണം ആവശ്യപ്പെട്ടത്. ബിഷപ്പുമായി തനിക്ക് നല്ല അടുപ്പമുണ്ടെന്നും, അദ്ദേഹത്തിന് ഉന്നത ബന്ധമുണ്ടെന്നും പറഞ്ഞ് ബാലചന്ദ്രകുമാര്‍ തെറ്റിദ്ധരിപ്പിച്ചു. പണം കൊടുക്കാന്‍ തയ്യാറാകാതെ വന്നതോടെയാണ് ബാലചന്ദ്രകുമാര്‍ ശത്രുവായതെന്നാണ് ദിലീപിന്റെ സത്യവാങ്മൂലം.

സിനിമ ചെയ്യണമെന്ന് ബാലചന്ദ്രകുമാര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് നിരസിച്ചതോടെ തന്നോടുള്ള ശത്രുത കൂടുകയും ജാമ്യം റദ്ദാക്കുമെന്ന് പറഞ്ഞ് ബാലചന്ദ്രകുമാര്‍ ഭീഷണിപ്പെടുത്തിയതായും ദിലീപ് ആരോപിക്കുന്നു. അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിനെ ചോദ്യം ചെയ്യല്‍ തുടരുന്നു. കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ദിലീപിനെയും സഹോദരന്‍ ഉള്‍പ്പടെയുള്ള പ്രതികളെയും ചോദ്യം ചെയ്യുന്നത്. ഒന്‍പത് മണിയോടെയാണ് നടന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത്. രാത്രി എട്ട് മണി വരെ ചോദ്യം ചെയ്യും.

