ഉത്സവത്തിനിടെ ഉണ്ടായ വാക്കുതര്‍ക്കത്തില്‍ കിഡ്‌നി രോഗിയെ ഗുണ്ടാ സംഘം വളഞ്ഞിട്ട് തല്ലി

കൊല്ലം: കൊല്ലം അഷ്ടമുടിയില്‍ ഉത്സവത്തിനിടെ ഉണ്ടായ വാക്കു തര്‍ക്കത്തിന്റെ പേരില്‍ കിഡ്‌നി രോഗിക്ക് ഗുണ്ടാ സംഘത്തിന്റെ ക്രൂരമര്‍ദനം. ഓട്ടോറിക്ഷാ ഡ്രൈവറായ യുവാവിനെ ബൈക്കിടിച്ച് വീഴ്ത്തി തലയടക്കം അടിച്ചു പൊട്ടിച്ചിട്ടും അറസ്റ്റിലായ പ്രതിയെ പൊലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചെന്നാണ് പരാതി. ക്രൂരമായ അക്രമത്തിന്റെ സി സി ടി വി ദൃശ്യങ്ങളുണ്ടായിട്ടും ഇത് പൊലീസ് പരിഗണിച്ചില്ലെന്നാണ് ആരോപണം. ഈ മാസം ഇരുപതാം തീയതി രാവിലെ പതിനൊന്നരയോടെയാണ് കുരീപ്പുഴ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ പ്രകാശിനെ അക്രമി സംഘം നടുറോഡിലിട്ട് ക്രൂരമായി തല്ലിയത്.

റോഡില്‍ നില്‍ക്കുകയായിരുന്ന പ്രകാശിനെ ബൈക്കിടിച്ച് വീഴ്ത്തിയ ശേഷം കമ്പിവടി ഉള്‍പ്പെടെയുളള ആയുധങ്ങള്‍ ഉപയോഗിച്ച് തല്ലുകയായിരുന്നു. സ്ത്രീകളടക്കമുളള നാട്ടുകാര്‍ എത്തിയാണ് അക്രമികളില്‍ നിന്ന് പ്രകാശിനെ രക്ഷിച്ചത്. തലേന്ന് നാട്ടിലെ ഉല്‍സവ സ്ഥലത്തുവച്ചുണ്ടായ വാക്കുതര്‍ക്കത്തിന്റെ പേരിലായിരുന്നു ക്രൂരമര്‍ദനം. അഞ്ചാലുംമൂട് പൊലീസിലാണ് പരാതി നല്‍കിയത്. എന്നാല്‍ ഒരാളെ മാത്രമേ പൊലീസ് അറസ്റ്റ് ചെയ്തുളളു. അറസ്റ്റിലായ പ്രതിയെ മണിക്കൂറുകള്‍ക്കകം സ്റ്റേഷന്‍ ജാമ്യത്തിലും വിട്ടു. മറ്റു പ്രതികള്‍ നാട്ടില്‍ സൈ്വര്യ വിഹാരം നടത്തുകയാണെങ്കിലും ആരെയും പേരിനു പോലുമൊന്ന് അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയാറായിട്ടില്ല.

