ആശുപത്രികള്‍ കര്‍ശനമായ അണുബാധ നിയന്ത്രണ നടപടികള്‍ സ്വീകരിക്കണം; ജില്ലാ കളക്ടര്‍

കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ആശുപത്രികള്‍ കര്‍ശനമായ അണുബാധ നിയന്ത്രണ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി നിര്‍ദ്ദേശിച്ചു. ജില്ലയിലെ ആശുപത്രി പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നിര്‍ദ്ദേശം. നിരവധി ഡയാലിസിസ് രോഗികള്‍ പോസിറ്റീവ് ആയി മാറുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ആശുപത്രികളും സ്വകാര്യ ആശുപത്രികളും ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങള്‍ ഡയാലിസിസിന് പ്രത്യേക സ്ഥലം കണ്ടെത്തണം. സ്ഥലമില്ലെങ്കില്‍ കോവിഡ് ഡയാലിസിസിന് മാത്രമായി പ്രത്യേക ഷിഫ്റ്റ് ക്രമീകരിക്കണം. കര്‍ശനമായ അണുബാധ നിയന്ത്രണ നടപടികള്‍ ഉറപ്പാക്കുകയും അണുനശീകരണം നടത്തുകയും വേണം. ആവശ്യമെങ്കില്‍ രണ്ടു മാസത്തേക്ക് ഹോമിയോ മെഡിക്കല്‍ കോളേജില്‍ നിന്ന് ജീവനക്കാരെ ലഭ്യമാക്കാമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു. പീഡിയാട്രിക് കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ എല്ലാ പ്രാദേശിക ആശുപത്രികളും പീഡിയാട്രിക് അഡ്മിഷനുകള്‍ക്കും ബാക്ക് റഫറലുകള്‍ക്കും തയ്യാറായിരിക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ സബ് കലക്ടര്‍ വി ചെല്‍സസിനി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമ്മര്‍ ഫാറൂഖ് വി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ നവീന്‍ തുടങ്ങിയവരും പങ്കെടുത്തു.

