റോഡരികിലെ മരക്കൊമ്പ് തട്ടി ലോറി നിയന്ത്രണം വിട്ടുമറിഞ്ഞു

കോഴിക്കോട്: റോഡില്‍ ചാഞ്ഞു കിടന്ന മരക്കൊമ്പ് മിനി പാര്‍സല്‍ ലോറിയുടെ കണ്ടെയ്നറിനു മുകളില്‍ തട്ടി നിയന്ത്രണം വിട്ടു വണ്ടി മറിഞ്ഞു 2 പേര്‍ക്ക് പരുക്കേറ്റു. ലോറിയിലുണ്ടായിരുന്ന വെസ്റ്റ്ഹില്‍ സ്വദേശി പറമ്പില്‍ ജസിര്‍(23), കക്കോടി മൊരിക്കര കിഷന്‍(30) എന്നിവര്‍ക്കാണു പരുക്കേറ്റത്. കാരപ്പറമ്പ്-കുണ്ടൂപ്പറമ്പ് മിനി ബൈപാസില്‍ കക്കുഴിപാലത്താണ് അപകടം. കാരപ്പറമ്പ് ഭാഗത്തു നിന്നും എടക്കാട്ടേക്കു പോകുന്ന മിനിലോറി കക്കുഴി പാലത്തിനു സമീപം എതിര്‍ ദിശയില്‍ റോഡരികില്‍ ബസുകള്‍ നിര്‍ത്തിയിട്ടതിനാല്‍ റോഡില്‍ ഇടതുഭാഗം അടുപ്പിച്ചു പോയതായിരുന്നു. റോഡിലേക്ക് ചാഞ്ഞ മരക്കൊമ്പില്‍ ലോറിയുടെ കണ്ടെയ്നര്‍ ഇടിച്ചു.

നിയന്ത്രണം വിട്ട ലോറി പത്തുമീറ്റര്‍ താഴ്ചയിലേക്കാണ് മറിഞ്ഞത്. ഓടിക്കൂടിയ നാട്ടുകാര്‍ ലോറിക്കുള്ളില്‍ നിന്നും രണ്ടുപേരെ പുറത്തെടുത്തു തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പൊലീസ് എത്തി ക്രെയിന്‍ ഉപയോഗിച്ചു ലോറി റോഡില്‍ എത്തിച്ചു. ഈ ഭാഗത്ത് അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന ബസും മറ്റു വാഹനങ്ങളും മാറ്റാന്‍ പൊലീസ് ആവശ്യപ്പെട്ടു. ഇതേസമയം അപകടം അറിഞ്ഞു സ്ഥലത്തെത്തിയ ആന്റി കറപ്ഷന്‍ മൂവ്മെന്റ് ഓഫ് ഇന്ത്യ പ്രവര്‍ത്തകരും പ്രകൃതി സംരക്ഷണ വേദി പ്രവര്‍ത്തകരും തമ്മില്‍ അപകടത്തിന് ഇടയാക്കിയ മരം മുറിക്കുന്നതുമായി ബന്ധപ്പെട്ടു തര്‍ക്കമായി.

8 മാസം മുന്‍പ് ഇവിടെ സന്ദര്‍ശനം നടത്തിയ കോര്‍പറേഷന്‍ മേയറും പൊതുമരാമത്തു എന്‍ജിനീയറും ഫോറസ്റ്റ് കണ്‍സര്‍വേറ്ററും വാര്‍ഡ് കൗണ്‍സിലറും വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഭീഷണിയായ മരങ്ങള്‍ മുറിക്കാന്‍ തീരുമാനിച്ചുവെങ്കിലും ചിലര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയതോടെ അതു തടസ്സപ്പെട്ടെന്ന് ആന്റി കറപ്ഷന്‍ മൂവ്മെന്റ് ഓഫ് ഇന്ത്യ പ്രസിഡന്റ് എം സി സുദേഷ് കുമാര്‍ പറഞ്ഞു. റോഡില്‍ ചാഞ്ഞ മരം മുറിക്കുന്നതിന് എതിരല്ലെന്നു പ്രകൃതി സംരക്ഷണ വേദി ജില്ലാ കണ്‍വീനര്‍ സുഭീഷ് ഇല്ലത്ത് പറഞ്ഞു. ഇത്തരത്തില്‍ പത്തുമരങ്ങള്‍ കൂടി വഴി തടസ്സപ്പെടുത്തി ഉണ്ടെന്നും ഇതു മുറിക്കാന്‍ നടപടി ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
