മുംബൈയില്‍ യുവതിയെ പ്രായപൂര്‍ത്തിയാകാത്ത നാല് പേര്‍ കൂട്ടബലാത്സംഗം ചെയ്തു

മുംബൈ: മുംബൈയിലെ ഗോവണ്ടിയില്‍ പത്തൊമ്പതുകാരിയെ പ്രായപൂര്‍ത്തിയാകാത്ത നാലുപേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തു. ഇതില്‍ മൂന്ന് പേര്‍ പോലീസ് പിടിയിലായി. വെളളിയാഴ്ച വൈകീട്ടാണ് യുവതി ബലാത്സംഗത്തിന് ഇരയായിയത്. ഒരു ഹോട്ടലില്‍ ജോലിചെയ്യുകയായിരുന്ന യുവതി വൈകീട്ട് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ക്രൂരമായ പീഡനം നടന്നത്. യുവതിയെ നേരത്തെ പരിചയം ഉണ്ടായിരുന്ന പ്രതികളിലൊരാള്‍ പഴയ ബസ് ഡിപ്പോ പരിസരത്ത് നിന്ന് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു.

മട്ടി റോഡിലെ ചേരിയിലെ ഒരു മുറിയിലെത്തിച്ച് ബലാത്സംഗം ചെയ്തു. പ്രതിയുടെ കൂട്ടുകാരായ മൂന്ന് പേരും പിന്നാലെയെത്തി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. സംഭവശേഷം നാട് വിടാനായിരുന്നു പ്രതികളുടെ നീക്കം. എന്നാല്‍ പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. എല്ലാവരും ഒരേ പ്രദേശത്ത് താമസിക്കുന്നവരായതിനാല്‍ പൊലീസിന് കൃത്യമായി വിവരങ്ങള്‍ വേഗം കിട്ടി. 10 സംഘങ്ങളായി തിരിഞ്ഞ് വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ പൊലീസ് പരിശോധന നടത്തി. ലോകമാന്യതിലക് ടെര്‍മിനലില്‍ നിന്നാണ് മൂന്ന് പേര്‍ പിടിയിലായത്. ഇവര്‍ ഉത്തര്‍പ്രദേശിലേക്ക് കടക്കാനുള്ള ശ്രമം ആയിരുന്നു. നാലാമത്തെ പ്രതി ഇപ്പോഴും ഒളിവില്‍ കഴിയുകയാണ്.

