അപകടം ഒതുക്കാന്‍ കൈക്കൂലി വാങ്ങിയതില്‍ പൊലീസുകാരനെതിരെ നടപടി

കോഴിക്കോട്: അപകടത്തില്‍പെട്ട കാറിന്റെ ഉടമ അറിയാതെ അപകടം കേസില്ലാതെ ഒതുക്കിത്തീര്‍ക്കാന്‍ ഡ്രൈവറില്‍ നിന്നു ബന്ധുവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് കൈക്കൂലിയായി അരലക്ഷം രൂപ വാങ്ങിയ പൊലീസുകാരനെതിരെ നടപടിക്കു സാധ്യത. മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ അസിസ്റ്റന്റ് കമ്മിഷണര്‍ കെ സുദര്‍ശന്‍ വിശദീകരണം തേടി. അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ എ വി ജോര്‍ജിന് കൈമാറും. കഴിഞ്ഞ ഞായറാഴ്ചയാണു സംഭവം നടന്നത്.

നഗരത്തിലെ യൂസ്ഡ് കാര്‍ ഷോറൂമില്‍ വില്‍പനയ്ക്കായി ഏല്‍പിച്ച ആഡംബര കാര്‍ ഷോറൂം ഉടമകളില്‍ ഒരാള്‍ സ്വന്തം ആവശ്യത്തിനു കൊണ്ടുപോയി അപകടത്തില്‍പെടുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസുകാരന്‍ ആര്‍സി ഉടമക്കാണ് കേസ് വരികയെന്നും മറ്റു നടപടികള്‍ ഉടമയ്ക്കെതിരെ ഉണ്ടാകുമെന്നും കാര്‍ ഓടിച്ച ആളെ അറിയിച്ചു. എന്നാല്‍ കേസ് ഒഴിവാക്കണമെന്നും ആരും അറിയാതെ ഒതുക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ഇന്‍ഷുറന്‍സ് തുക കൊണ്ട് കാര്‍ നന്നാക്കാമെന്നും 50,000 രൂപ നല്‍കണമെന്നും പൊലീസുകാരന്‍ ആവശ്യപ്പെട്ടു. സംഭവത്തെ കുറിച്ച് രഹസ്യ വിവരം കിട്ടിയ സിറ്റി പൊലീസ് കമ്മിഷണര്‍ രഹസ്യാന്വേഷണ വിഭാഗത്തോട് സംഭവത്തിന്റെ പ്രാഥമിക വിവരം ശേഖരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് എസിപി കെ സുദര്‍ശന്റെ നേതൃത്വത്തില്‍ പൊലീസുകാരനില്‍ നിന്നു മൊഴിയെടുത്തു. പണം നല്‍കിയ അക്കൗണ്ട് അദ്ദേഹത്തിന്റെ ഭാര്യയുടേതാണെന്നു വ്യക്തമായി.

