തൊടുപുഴയില്‍ കഞ്ചാവും എം ഡി എംയുമായി നാല് പേര്‍ പിടിയില്‍

തൊടുപുഴ: കഞ്ചാവും എം ഡി എംയുമായി രണ്ടു കേസുകളിലായി നാല് പേര്‍ പിടിയിലായി. ഡി വൈ എഫ് ഐ യൂണിറ്റ് വൈസ് പ്രസിഡന്റ് പടി കോടിക്കുളം വെള്ളംചിറ പന്നത്ത് വീട്ടില്‍ ഷമല്‍ ഹംസ(22), ഐരാമ്പിള്ളി പുത്തന്‍പുരയില്‍ അഭിഷേക് ജിതേഷ്(22), പട്ടയംവല അന്തീനാട്ട് അഫ്സല്‍ നാസര്‍(22) എന്നിവരാണ് പിടിയിലായത്. തൊടുപുഴയിലെ മൂവാറ്റുപുഴ റൂട്ടില്‍ റോട്ടറി ജംക്ഷനു സമീപം വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. കാറില്‍ ലഹരി ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുന്നതിനിടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 600 ഗ്രാം കഞ്ചാവും 4.5 ഗ്രാം എം ഡി എം എയും ഇവരില്‍നിന്ന് പിടികൂടി.

പട്ടയംകവലയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ അഫ്സലിന്റെ സഹോദരന്‍ അന്‍സല്‍ നാസറിനെ(24)യും അറസ്റ്റ് ചെയ്തു. ഇവിടെനിന്ന് രണ്ടു കിലോ കഞ്ചാവ് പിടികൂടി. അറസ്റ്റിലായവരില്‍ മൂന്ന് പേര്‍ മുന്‍പും സമാന കേസുകളില്‍ ഉള്‍പ്പെട്ടവരാണ്. മറ്റൊരു പരിശോധനയില്‍ മാര്‍ക്കറ്റിലെ സ്ഥാപനത്തില്‍നിന്നു നിരോധിത പുകയില ഉല്‍പന്നങ്ങളും പിടികൂടി.

