ഹമാസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും അശ്ലീലചിത്ര നിര്‍മ്മാണത്തിനുമായി ക്രിപ്‌റ്റോ കറന്‍സി തട്ടി

ദില്ലി: ദില്ലിയിലെ വ്യവസായിയില്‍ നിന്നും വന്‍തുകയുടെ ക്രിപ്‌റ്റോ കറന്‍സി തട്ടിയെടുത്ത് പലസ്തീന്‍ സംഘടനയായ ഹമാസിന്റെ സൈനിക വിഭാഗമായ അല്‍-ഖസ്സാം ബ്രിഗേഡിന്റെ വാലറ്റുകളിലേക്ക് നിക്ഷേപിക്കുകയും ചെയ്ത സംഘത്തെ പിടികൂടിയതായി ദില്ലി പൊലീസിലെ സൈബര്‍ സെല്‍ വിഭാഗം വ്യക്തമാക്കി. 2019ല്‍ തട്ടിപ്പ് നടത്തിയ സംഘത്തെയാണ് പിടികൂടിയിരിക്കുന്നത്. നിലവില്‍ നാല് കോടിയലധികം മൂല്യമുള്ള ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പാണ് നടന്നത്.

ഹമാസിന്റേതടക്കം വിദേശത്തുള്ള മൂന്ന് അക്കൗണ്ടുകളിലായാണ് ക്രിപ്‌റ്റോ കറന്‍സി നിക്ഷേപിച്ചത്. അഞ്ച് മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഹമാസിന്റെ അല്‍-ഖസ്സാം ബ്രിഗേഡിന്റെ വാലറ്റുകളിലേക്ക് ദില്ലി പൊലീസ് എത്തുന്നത്. ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഈ വാലറ്റുകള്‍ ഇസ്രയേലിന്റെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തികം ലഭിക്കുന്നത് തടയാനുള്ള ദേശീയ ബ്യൂറോ പിടിച്ചെടുത്തിരിക്കുകയാണ്. 30.85 ലക്ഷം രൂപയോളം വിലമതിക്കുന്ന ക്രിപ്‌റ്റോ കറന്‍സിയാണ് ദില്ലിയിലെ വ്യാപാരിയുടെ വാലറ്റില്‍ നിന്ന് അപഹരിക്കപ്പെട്ടത്.

പശ്ചിം വിഹാര്‍ സ്വദേശിയായ വ്യാപാരിയാണ് പരാതിയുമായി എത്തിയത്. പ്രാദേശിക കോടതിയുടെ ഉത്തരവ് അനുസരിച്ചാണ് കേസ് ദില്ലി പൊലീസിലെ സൈബര്‍ ക്രൈം യൂണിറ്റിന് നല്‍കിയത്. ബിറ്റ്‌കോയിന്‍, ഇഥറം, ബിറ്റ് കോയിന്‍ ക്യാഷ് എന്നിവയാണ് അപഹരിക്കപ്പെട്ടത്. ഈജിപ്തിലെ ഗിസ, പലസ്തീനിലെ റമല്ല എന്നിവിടങ്ങളില്‍ നിന്ന് പ്രവര്‍ത്തിപ്പിക്കുന്ന മറ്റ് വാലറ്റുകളിലേക്ക് ചില കറന്‍സികള്‍ മാറ്റി. ഈ അക്കൗണ്ടുകളുടെ എല്ലാ വിശദാംശങ്ങളും വീണ്ടെടുത്തതായും അവയില്‍ ചിലത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കാനും മറ്റുള്ളവ കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ക്കായി ഉപയോഗിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നത്.
