നടിയെ ആക്രമിച്ച കേസ്; രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിനായി ദിലീപ് ക്രൈംബ്രാഞ്ച് ഓഫീസിലെത്തി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിനായി നടന്‍ ദിലീപ് ക്രൈംബ്രാഞ്ച് ഓഫീസിലെത്തി. രാവിലെ ഒമ്പത് മണിയോടെയാണ് ദിലീപ് കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയത്. ദിലീപിനെ കൂടാതെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ് എന്നീ അഞ്ച് പ്രതികളേയും വെവ്വേറെ ഇന്ന് ചോദ്യം ചെയ്യും. ഇന്നലത്തെ ചോദ്യം ചെയ്യലില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇന്നത്തെ ചോദ്യം ചെയ്യല്‍. ഡിജിറ്റല്‍ തെളിവുകളടക്കം നിരത്തിയുള്ള അന്വേഷണ സംഘത്തിന്റെ ആദ്യ ദിവസത്തെ ചോദ്യം ചെയ്യലില്‍ പലപ്പോഴും ദിലീപ് അടക്കമുള്ള പ്രതികള്‍ ഒഴിഞ്ഞുമാറിയതായാണ് റിപ്പോര്‍ട്ട്.

ഇന്നത്തെ ചോദ്യം ചെയ്യല്‍കൂടി പൂര്‍ത്തിയാക്കി നാളെ കോടതിയില്‍ വ്യക്തമായ പുതിയ റിപ്പോര്‍ട്ട് നല്‍കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിനേയും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. കൊച്ചി വിട്ടുപോകരുതെന്ന് ബാലചന്ദ്രകുമാറിന് പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബാലചന്ദ്രകുമാറിനേയും പ്രതികളേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനും അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്.


1 thought on “നടിയെ ആക്രമിച്ച കേസ്; രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിനായി ദിലീപ് ക്രൈംബ്രാഞ്ച് ഓഫീസിലെത്തി”