കുറ്റ്യാടിയില്‍ വിതരണം ചെയ്യാന്‍ എത്തിച്ച കഞ്ചാവുമായി വടകര സ്വദേശി താമരശ്ശേരിയില്‍ പിടിയില്‍

താമരശ്ശേരി: കുറ്റ്യാടിയില്‍ വിതരണം ചെയ്യാനായി എത്തിച്ച 12.5 കിലോ കഞ്ചാവുമായി വടകര സ്വദേശി താമരശ്ശേരിയില്‍ എക്‌സൈസിന്റെ പിടിയിലായി. വടകര അഴിയൂര്‍ സലീനം ഹൗസില്‍ ഷരത്ത് വല്‍സരാജ് ആണ് എക്‌സൈസിന്റെ പിടിയിലായത്. ആന്ധ്രാപ്രദേശിലെ മൊത്ത വിതരണക്കാരില്‍ നിന്നും വാങ്ങിയ കഞ്ചാവ് ബാംഗ്ലൂര്‍ വഴി ബസ്സില്‍ താമരശ്ശേരിയില്‍ എത്തിക്കുകയായിരുന്നു.

ട്രോളി ബാഗിനുള്ളില്‍ 6 പേക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചത്. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌കോഡ് സി ഐ. ടി അനില്‍കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രിവന്റീവ് ഓഫീസര്‍ പ്രജോഷ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ കെ മുഹമ്മദലി, ഡ്രൈവര്‍ കെ രാജീവ് എന്നിവര്‍ ചേര്‍ന്ന് താമരശ്ശേരി പഴയ ബസ്റ്റാന്റ് പരിസരത്തു വെച്ചാണ് കഞ്ചാവ് പിടികൂടിയത്.

വടകര, കുറ്റ്യാടി മേഖലകളില്‍ കഞ്ചാവ് മൊത്ത വിതരണം നടത്തുന്നയാളാണ് പിടിയിലായത്. പ്രതിയേയും കഞ്ചാവും താമരശ്ശേരി റെയ്ഞ്ച് എക്‌സൈസിന് കൈമാറി. പ്രതിയെ ചൊവ്വാഴ്ച കോടതിയില്‍ ഹാജറാക്കും.
