കോടഞ്ചേരിയില്‍ വനം വകുപ്പിന്റെ അധീനതയിലുള്ള റോഡിലെ ടാറിംഗ് പൊളിച്ചു മാറ്റി

താമരശ്ശേരി: കോടഞ്ചേരിയില്‍ വനം വകുപ്പിന്റെ അധീനതയിലുള്ള റോഡില്‍ പഞ്ചായത്ത് പണ്ട് ഉപയോഗിച്ച് ടാറിംഗ് നടത്തിയത് വനം വകുപ്പ് ഇടപെട്ടതിനെ തുടര്‍ന്ന് പൊളിച്ചു മാറ്റി. ചെമ്പുകടവ് വെണ്ടേക്കും പൊയിലില്‍ നിന്നും കോഴിക്കോടന്‍ കുന്നിലേക്കുള്ള റോഡിലാണ് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കഴിഞ്ഞ ദിവസം ടാറിംഗ് നടത്തിയത്. സ്വകാര്യ വ്യക്തിയുടെ ഭൂമി വര്‍ഷങ്ങള്‍ക്ക് മുമ്പ് നാട്ടുകാര്‍ ബലപ്രയോഗത്തിലൂടെ റോഡാക്കുകയായയിരുന്നു. ഇതിന്റെ ഒരു ഭാഗം വനം വകുപ്പിന്റെ അധീനതയിലുള്ളതാണ്.

ഈ ഭാഗത്ത് വനഭൂമി കയ്യേറ്റം നടന്നതായി കണ്ടെത്തുകയും വനം വകുപ്പ് ജണ്ട സ്ഥാപിക്കുകയും ചെയ്്തിരുന്നു. വനം വകുപ്പിന്റെ അധീനതയിലുള്ള ഭൂമിയിലൂടെ നേരത്തെയുള്ള റോഡ് പൊതുജനങ്ങള്‍ ഉപയോഗിക്കാറുണ്ടെങ്കിലും പഞ്ചായത്തിന് വിട്ടുകൊടുത്തിരുന്നില്ല. ഇവിടെ ടാറിംഗ് നടത്തിയതാണ് വിവാദമായത്. 80 മീറ്റര്‍ ടാറിംഗ് നടത്താനായി 3 ലക്ഷം രൂപയാണ് പഞ്ചായത്ത് അനുവദിച്ചത്. ടാറിംഗ് നടത്തിയതിന് പിന്നാലെ വനഭൂമിയിലെ കയ്യേറ്റം അനുവദിക്കില്ലെന്ന് കാണിച്ച് വനപാലകര്‍ രംഗത്തെത്തി. ഡി എഫ് ഒ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ഇടപെട്ട് റോഡ് പൊളിച്ചുമാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നു.

ടാറിംഗ് പൊളിച്ചു നീക്കിയില്ലെങ്കില്‍ പഞ്ചായത്ത് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വനം വകുപ്പ് മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം അര്‍ധ രാത്രി ഏതാനും ഭാഗത്തെ ടാറിംഗ് പൊളിച്ചു മാറ്റിയത്. മീറ്ററോളം ടാറിംഗ് പൊളിച്ചു മാറ്റാനാണ് വനം വകുപ്പ് നിര്‍ദേശിച്ചതെങ്കിലും മീറ്ററോളമാണ് പൊളിച്ചു മാറ്റിയത്. പഞ്ചായത്തിന്റെ ആസ്ഥിയിലുള്ള റോഡിലാണ് ടാറിംഗ് നടത്തിയതെന്നാണ് പഞ്ചായത്ത് പ്രസിഡന്റിന്റെയും സെക്രട്ടറിയുടേയും വാദം.
എന്നാല്‍ അര്‍ധരാത്രിയില്‍ ടാറിംഗ് പൊളിച്ചുമാറ്റുകയായിരുന്നു. സ്വകാര്യ വ്യക്തികള്‍ ആരും ഈ റോഡ് പഞ്ചാത്തിന് കൈമാറിയിട്ടില്ലെന്നാണ് ഒരു വിഭാഗം പറയുന്നത്. ഏതാനും ഭൂ ഉടമകളെ സഹായിക്കാനാണ് ടാറിംഗ് നടത്തിയതെന്നും ഇതിന്റെ മറുഭാഗത്ത് നിവധി കുടുംബങ്ങള്‍ ഉപയോഗിക്കുന്ന റോഡ് ശോചനീയാവസ്ഥയിലാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്തവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നല്‍കുമെന്നും നാട്ടുകാര്‍ പറഞ്ഞു.
